ബോര്‍ഡെക്‌സ്: യൂറോ 2016-ല്‍ ഇന്ന് സൂപ്പര്‍ ഹെവിവെയ്റ്റ് പോരാട്ടം. നിലവിലെ ലോകചാമ്പ്യന്മാരായ ജര്‍മ്മനിയും നിലവിലെ യൂറോ റണ്ണേഴ്‌സായ ഇറ്റലിയും തമ്മിലാണ് ഇന്നത്തെ സൂപ്പര്‍ ക്ലാസ്സിക്ക് പോരാട്ടത്തിന് മൈതാനത്തിറങ്ങുന്നത്. രാത്രി 12.30ന് കിക്കോഫ്.
2012ലെ കഴിഞ്ഞ യൂറോകപ്പിലും ഇരുടീമുകളും തമ്മില്‍ സെമിയില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജര്‍മ്മനി കീഴടക്കി അസൂറികള്‍ വിജയക്കൊടി പാറിച്ചു. 2006ലെ ലോകകപ്പിന്റെ സെമിയിലും ജര്‍മ്മനിക്കെതിരെ ഇറ്റാലിയന്‍ പട വിജയം സ്വന്തമാക്കി. ഇത്തവണ ജര്‍മ്മനിക്ക് ആ പരാജയങ്ങള്‍ക്ക് പകരം വീട്ടാനുള്ള സുവര്‍ണ്ണാവസരമാണ് കൈവന്നിരിക്കുന്നത്.
പ്രീ ക്വാര്‍ട്ടറില്‍ ജര്‍മ്മനി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സ്ലോവാക്യയെ തകര്‍ത്തപ്പോള്‍ ഇറ്റലി നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിനിനെ 2-0ന് തകര്‍ത്തായിരുന്നു അവസാന എട്ടിലേക്ക് മുന്നേറിയത്.
എന്നാല്‍ ക്വാര്‍ട്ടറില്‍ ഇറ്റലിക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. മൂന്ന് പ്രമുഖ താരങ്ങളുടെ അഭാവമാണ് ഇറ്റലിയെ ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. 106 മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള പ്ലേ മേക്കറും മിഡ്ഫീല്‍ഡ് ജനറലുമായ ഡാനിയേല ഡി റോസി, അന്റോണിയോ കാന്‍ഡ്രേവ എന്നിവര്‍ പരിക്കിന്റെ പിടിയിലാണെങ്കില്‍ മറ്റൊരു മധ്യനിര താരമായ തിയാഗോ മോട്ടാ സസ്‌പെന്‍ഷനിലാണ്. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിനിനെതിരായ മത്സരത്തിനിടെ വലതു തുടയ്‌ക്കേറ്റ പരിക്കാണ് ഡി റോസിയുടെ കാര്യം സംശയത്തിലാക്കിയത്.
സ്വീഡനെതിരായ ഗ്രൂപ്പ് മത്സരത്തിലാണ് കാന്‍ഡ്രേവക്ക് പിന്‍തുടയിലെ ഞരമ്പിന് പരിക്കേറ്റത്. രണ്ട് മഞ്ഞക്കാര്‍ഡുകള്‍ കണ്ടതോടെയാണ് തിയാഗോ മോട്ടക്ക് ജര്‍മ്മനിക്കെതിരായ നിര്‍ണായക മത്സരത്തില്‍ പുറത്തിരിക്കേണ്ടിവന്നത്. ഇവരുടെ അഭാവം ഇറ്റലിക്ക് കനത്ത തിരിച്ചടിയാവുമെന്ന് ഉറപ്പ്. എങ്കിലും മികച്ച താരനിര അവര്‍ക്ക് സ്വന്തം. ഇത്തവണ നാല് മത്സരങ്ങളില്‍ നിന്നായി 5 ഗോളുകള്‍ നേടിയ അസൂറികള്‍ ഒരെണ്ണം വഴങ്ങി. രണ്ട് ഗോളുകള്‍ നേടിയ ഗ്രാസിയാനോ പെല്ലെയാണ് അവരുടെ ടോപ്‌സ്‌കോറര്‍.
പെല്ലെക്കൊപ്പം ഈഡറോ സിമോണെ സാസയോ സ്‌ട്രൈക്കറുടെ റോളിലെത്തും. മധ്യനിരയില്‍ ജിയാച്ചെറിനി, മാര്‍ക്കോ പറോളോ, അലസ്സാന്‍ഡ്രോ ഫ്‌ളോറന്‍സി, എല്‍ ഷരാവി എന്നിവരും പ്രതിരോധത്തില്‍ ബര്‍സാഗ്ലി, ലിയനാര്‍ഡോ ബൊനൂച്ചി, ജോര്‍ജിയോ ചില്ലെനി എന്നിവരും ഗോള്‍വലക്ക് മുന്നില്‍ ജിയാന്‍ലൂജി ബഫണും ഇറങ്ങും.
അതേസമയം ജര്‍മ്മനി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പരിക്കുകളൊന്നും അവരെ അലട്ടുന്നില്ല. ഈ ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയതും ജര്‍മ്മന്‍ പോരാളികള്‍. പരിക്കിന്റെ പിടിയിലായിരുന്ന പ്രതിരോധനിരതാരം ജോനാസ് ഹെക്ടറും ഫിറ്റ്‌നസ് വീണ്ടെടുത്തത് അവര്‍ക്ക് ഗുണം ചെയ്യും. ഗ്രൂപ്പ് മത്സരത്തില്‍ മൂന്ന് ഗോള്‍ മാത്രം നേടിയ ജര്‍മ്മനി പ്രീ ക്വാര്‍ട്ടറില്‍ മിന്നുന്ന ഫോമിലേക്ക് ഉയരുന്നതാണ് കണ്ടത്.
ഒറ്റ ഗോളും വഴങ്ങാതെയാണ് ജര്‍മ്മനി ടൂര്‍ണമെന്റില്‍ മുന്നേറിയത്. മരിയോ ഗോട്‌സെ, മരിയോ ഗോമസ് എന്നിവരുള്‍പ്പെട്ട സ്‌ട്രൈക്കര്‍മാരും സമി ഖദീര, തോമസ് മുള്ളര്‍, മെസ്യൂട്ട് ഓസില്‍, ടോണി ക്രൂസ്, ഡ്രാക്‌സ്‌ലര്‍, ജോഷ്വാ കിമ്മിച്ച് തുടങ്ങിയവരടങ്ങുന്ന മധ്യനിരയും എതിരാളികളുടെ പേടിസ്വപ്‌നമാണ്. പകരക്കാരായി കളത്തിലെത്തുന്ന ക്യാപ്റ്റന്‍ ഷ്വയ്ന്‍സ്റ്റീഗര്‍, പൊഡോള്‍സ്‌കി, ആന്ദ്രെ ഷ്ര്‍ലെ എന്നിവരും പയറ്റിത്തെളിഞ്ഞവര്‍. മികച്ച പ്രതിരോധവും ജര്‍മ്മനിക്ക് സ്വന്തം. ജെറോം ബോട്ടെങ്, മാറ്റ് ഹമ്മല്‍സ്, എംറെ കാന്‍, ഷ്‌കോഡ്രാന്‍ മുസ്താഫി, ബെന്‍ഡിക്ട് ഹൗവാഡ്‌സ് എന്നിവരാണ് പ്രതിരോധത്തിലെ മികച്ച താരങ്ങള്‍. ഗോള്‍വലക്ക് മുന്നില്‍ മാനുവല്‍ ന്യുയറും കാവല്‍ നില്‍ക്കുമ്പോള്‍ ജര്‍മ്മനിക്ക് ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്താം.
എന്നാല്‍ പ്രധാന ടൂര്‍ണമെന്റുകളില്‍ കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ ജര്‍മ്മനിക്ക് ഇറ്റലിയെ കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല.
മാത്രമല്ല ഇരുടീമുകളും തമ്മില്‍ മുന്‍പ് ഏറ്റുമുട്ടിയതിന്റെ കണക്കുകളും ജര്‍മ്മനിക്ക് അനുകൂലമല്ല. 33 തവണ കളിച്ചതില്‍ 15 തവണ ഇറ്റലി വിജയം കരസ്ഥാക്കിയപ്പോള്‍ ജര്‍മ്മനി നേടിയത് എട്ടെണ്ണത്തില്‍. പത്തെണ്ണം സമനിലയിലും. എന്തായാലും നിലവിലെ ലോകചാമ്പ്യന്മാരായ ജര്‍മ്മനിക്ക് തങ്ങളുടെ അധീശത്വം അരക്കിട്ടുറപ്പിക്കാന്‍ ഇത്തവണ യൂറോ കിരീടവും വേണം. അതേസമയം കഴിഞ്ഞ തവണ ഫൈനലില്‍ പരാജയപ്പെട്ട ഇറ്റലി ഇത്തവണ കിരീടം ലക്ഷ്യം വെച്ച് പടയ്‌ക്കിറങ്ങുമ്പോള്‍ പോരാട്ടം മികച്ച മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം.
















