ലോസാഞ്ചല്‍സ്: ടിന്നിലടച്ച ഭക്ഷണങ്ങള്‍ കാന്‍സറും പ്രമേഹവും ഹൃദ്രോഗങ്ങളും ഉണ്ടാക്കുമെന്ന് പഠനം. അവയിലെ രാസവസ്തുക്കളാണ് ഒരു കാരണം. മറ്റൊരു പ്രധാനകാരണം ടിന്നുകളുടെയും ജാറുകളുടേയും ഉള്ളില്‍ ഭക്ഷണ സാധനം കേടുകൂടാതെയിരിക്കാനും ഒട്ടിപ്പിടിക്കാതിരിക്കാനും പൂശിയിട്ടുള്ള ഒരു പ്രത്യേക റസിനാണെന്നും പഠനത്തില്‍ പറയുന്നു.
ബിസ്ഫനോള്‍ എന്ന റസിനുകളാണ് ടിന്നുകള്‍ക്കുള്ളില്‍ പൂശുന്നത്. ഈ രാസവസ്തു നമ്മുടെ ഹോര്‍മോണ്‍ ഉല്പ്പാദനത്തെ ബാധിക്കും. ഈ റസിന്‍ ടിന്നിലുള്ള ഭക്ഷണത്തെ വിഷമയമാക്കും. പഠനം പറയുന്നു. കൂടുതല്‍ ടിന്‍ ഭക്ഷണം കഴിച്ചാല്‍ ഈ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ജെന്നിഫര്‍ ഹാര്‍ലെ പറഞ്ഞു.
ടിന്‍ ഭക്ഷണം കഴിക്കുന്നവരുടെ മൂത്രത്തില്‍ ഈ റസിന്‍ അടിഞ്ഞുകൂടും. പ്രമേഹവും ഹൃദയസംബന്ധമായ രോഗങ്ങളും മറ്റും ഉണ്ടാക്കുന്ന വസ്തുവാണ് ബിപിഎ എന്ന റസിന്‍.
















