ഹരിപ്പാട്: ഒരു ലക്ഷം രൂപ മോഷ്ടിച്ച ഹോം നഴ്‌സ് പോലീസ് പിടിയില്‍. ഇടുക്കി ജില്ലയില്‍ തലയാര്‍ താലൂക്കില്‍ മൂന്നാര്‍ പഞ്ചായത്തില്‍ തലയാര്‍ എസ്റ്റേറ്റില്‍ കമ്പനി റോഡില്‍ 22-ാം നമ്പര്‍ വീട്ടില്‍ താമസിക്കുന്ന സതീശന്‍ (40) ആണ് അറസ്റ്റിലായത്.
കാര്‍ത്തികപ്പള്ളി വെട്ടുവേനി ദേവരാഗം വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന ഡെറിന്‍ കോശി എം. സക്കറിയയുടെ കാറില്‍ നിന്നും കഴിഞ്ഞ 25നാണ് ഒരു ലക്ഷം രൂപ മോഷണം പോയത്. തുടര്‍ന്ന് ഹരിപ്പാട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ 27ന് രാവിലെ എട്ടുമണിയോടെ പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രതി വീടിന്റെ പിന്നിലെ പുരയിടത്തില്‍ ഒളിപ്പിച്ചിരുന്ന രൂപ പൊലീസ് കണ്ടെടുത്തു. ഒരാഴ്ചയായി ഡെറിന്റെ വീട്ടില്‍ ഹോംനേഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു. വൈക്കത്തുള്ള സ്വകാര്യ ഏജന്‍സി വഴിയാണ് ഇയാള്‍ ഹോംനഴ്‌സായി എത്തിയത്. പ്രതിയുടെ പേരില്‍ കോലഞ്ചേരി, തൃപ്പൂണിത്തുറ എന്നീ സ്റ്റേഷനുകളില്‍ മോഷണ കേസും തമിഴ്‌നാട്ടില്‍ പീഡനകേസും ഉള്ളതായി പോലീസ് പറഞ്ഞു.
ഹരിപ്പാട് എസ്‌ഐ എസ്.എസ് ബൈജു, എഎസ്‌ഐ പ്രസാദ്, സിപിഒമാരായ അനീഷ്, ഹരികുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
















