ആലപ്പുഴ: അനുഷ്ഠാനകലകളെയും കലാരൂപങ്ങളെയും കോര്‍ത്തിണക്കി നാടന്‍ വായ്‌മൊഴി വഴക്കത്തിലൂടെ മലയാളികള്‍ക്ക് മണ്ണിന്റെ മണമുള്ള പുതിയ നാടക സങ്കല്പത്തിന് രൂപവും ഭാവവും നല്‍കി പോറ്റി വളര്‍ത്തിയ അതുല്യ പ്രതിഭയുടെ ആദ്യതട്ടകം ആലപ്പുഴയായിരുന്നു. കാവാലം നാരായണപ്പണിക്കരുടെ നാടക പരീക്ഷണശാലയ്‌ക്ക് തുടക്കമായത് ആലപ്പുഴ മുല്ലയ്‌ക്കല്‍ ജനരഞ്ജിനിസഭ എന്ന പ്രസ്ഥാനത്തിലൂടെ.
ആദ്യമായി ജനരഞ്ജിനിസഭ അവതരിപ്പിച്ചത് മൂക നാടകം(ഫാന്റം മൈം) ആയിരുന്നു. പ്രഗത്ഭനായ ഒരു ശാസ്ത്രജ്ഞന്‍ മാരകായുധങ്ങള്‍ ഉണ്ടാക്കി ലോകത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതായുള്ള ഇതിവൃത്തമായിരുന്നു ഈ നാടകത്തിന്. ഇതിന്റെ രചനയും സംവിധാനവും കാവാലം തന്നെയാണ് നിര്‍വ്വഹിച്ചത്.
ആലപ്പുഴ ബസന്റ്ഹാളിലാണ് ഈ നാടകം ആദ്യം അവതരിപ്പിച്ചത്. തുടര്‍ന്ന് മുംബൈയില്‍ ഈ നാടകം ആവതരിപ്പിച്ച് ജനശ്രദ്ധ നേടി. ഈ നിഴല്‍നാടകത്തിലൂടെ തുടങ്ങിയ പ്രയാണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി നാടകാവിഷ്‌കാരത്തിലൂടെ കാവാലം നാടകാസ്വാദരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടുകയായിരുന്നു.
















