തലശ്ശേരി: കുട്ടിമാക്കൂലിലെ ദളിത് സഹോദരിമാരെ കോണ്‍ഗ്രസ്സുകാര്‍ സിപിഎമ്മിനെതിരെ കരുവാക്കുകയായിരുന്നുവെന്ന് പി.കെ.ശ്രീമതി എംപി, സിപിഎം ഓഫീസില്‍ കയറി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിനെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചുകൊണ്ട് രണ്ട് ദളിത് യുവതികളെ ജയിലിലടച്ചതിനെ ന്യായീകരിച്ചുകൊണ്ട് മഹിളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ഇന്നലെ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിനും പോലീസ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കുറ്റത്തിന്റെ വകുപ്പ് നോക്കി റിമാന്റ് ചെയ്യാനും ചെയ്യാതിരിക്കാനും കോടതിക്കും അധികാരമുണ്ട്. കുട്ടിമാക്കൂലിലെ രണ്ട് ദളിത് യുവതികളെ അറസ്റ്റ് ചെയ്തു എന്നതുകൊണ്ടോ അവരെ കോടതി റിമാന്റ് ചെയ്തു എന്നതുകൊണ്ടോ സിപിഎമ്മുകാരായ ദളിതരൊന്നും പാര്‍ട്ടി വിടുകയില്ലെന്നും അവരെ സ്വന്തമാക്കാമെന്ന തെറ്റായ ധാരണ കോണ്‍ഗ്രസ്സിനോ ബിജെപിക്കോ ഉണ്ടെങ്കില്‍ അത് പൂവണിയാന്‍ പോകുന്നില്ലെന്നും ശ്രീമതി തുടര്‍ന്നു പറഞ്ഞു. പൊതുയോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു.
















