പാനൂര്‍: പാനൂര്‍-കൂത്തുപറമ്പ് റോഡില്‍ വാഹനാപകടം തുടര്‍കഥയാകുന്നു. അപകടമരണങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും കൊലവിളി മുഴക്കി അമിത വേഗതയിലോടുന്ന ടിപ്പര്‍ലോറികളെ നിയന്ത്രിക്കാന്‍ പോലീസ് യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പാനൂര്‍-കൂത്തുപറമ്പ് റോഡിലെ മാക്കൂല്‍പീടിക, തങ്ങള്‍പീടിക പരിസരത്ത് ടിപ്പര്‍ലോറിയിടിച്ച് രണ്ട് ജീവനുകള്‍ പൊലിയുകയും, അപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാഹിപാലത്തിന്റെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ അന്യസംസ്ഥാന ലോറികളും മറ്റ് ചരക്കുവാഹനങ്ങളും പോകുന്നത് ഇത് വഴിയാണ്. വാഹനം പെരുകിയതോടെയാണ് അപകടവും വര്‍ദ്ധിച്ചത്. എന്നാല്‍ ഇത് നിയന്ത്രിക്കേണ്ട പോലീസ് സംവിധാനം കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്തമാണ്. ഇരുചക്രവാഹനങ്ങളെ പിടിക്കാന്‍ ഒളിഞ്ഞിരിക്കുന്ന തങ്ങള്‍പീടികയില്‍ തന്നെയാണ് അമിതവേഗതയില്‍ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ടിപ്പര്‍ലോറിയിടിച്ച് വഴിയാത്രക്കാരി മരണപ്പെട്ടത്. തൊട്ടടുത്ത ദിവസം ഇതിന് സമീപത്ത് ടിപ്പര്‍ലോറി കയറി ലോട്ടറി വില്‍പ്പനക്കാരനും മരിച്ചു. സംസ്ഥാനപാതയില്‍ അപകടം പെരുകുമ്പോള്‍ ഒരു മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാനോ അമിതവേഗതയില്‍ വരുന്ന വാഹനങ്ങളെ നിയന്ത്രിക്കാനോ പോലീസ് തയ്യാറാകുന്നില്ല. പാനൂരില്‍ പോലീസ് കണ്‍ട്രോള്‍റൂം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവരുടെ ഹോബി ഹെല്‍മറ്റ്‌വേട്ട മാത്രമാണ്. സ്പീഡ്ഗവര്‍ണര്‍ ഉള്‍പ്പെടെ അഴിച്ചു വെച്ചാണ് മരണമണി മുഴക്കി ലോറികള്‍ പരക്കം പായുന്നത്. സഹ്‌റ ഹയര്‍സെക്കണ്ടറി, മൊകേരി രാജീവ്ഗാന്ധി ഹയര്‍സെക്കണ്ടറി, റൂസ്സോ നഴ്‌സറി ആന്റ് ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം, ഗുരുദേവ വിലാസം എല്‍പി തുടങ്ങിയ സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത് ഈ അപകട മേഖലകളിലെ റോഡരികിലാണ്. മഴ കനത്തതോടെ അപകടവും വര്‍ദ്ധിച്ചു. ഇതു കാരണം രക്ഷിതാക്കളും ആശങ്കയിലാണ്. അപകടം സംഭവിച്ചാല്‍ പാനൂരില്‍ വിദഗ്‌ദ്ധ ചികിത്സ ലഭ്യമാക്കാന്‍ സൗകര്യപ്രദമായ ആശുപത്രി ഇല്ലാത്തതും തലവേദനയാണ്. ആംബുലന്‍സുകള്‍ പാനൂര്‍ സിഎച്ച്‌സിയില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും അതിന് ഡ്രൈവര്‍മാരെ നിയമിച്ചിട്ടില്ല. അപകടം സംഭവിച്ചു കഴിഞ്ഞാല്‍ പാനൂരില്‍ നിന്നും സ്വകാര്യ വാഹനങ്ങളിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. അനുദിനം പെരുകുന്ന വാഹനങ്ങള്‍ക്കൊപ്പം അപകടങ്ങളും വര്‍ദ്ധിക്കുകയാണ്. ഇതിനെതിരെ മുന്‍കരുതലെടുക്കേണ്ടവര്‍ നിസംഗത പുലര്‍ത്തുകയാണ് ഇവിടെ. വാഹനങ്ങളുടെ അമിത വേഗതയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം വള്ളങ്ങാട് നേതാജി വായനശാലയ്‌ക്ക് സമീപത്ത് നിന്നും നാട്ടുകാര്‍ വാഹനം തടഞ്ഞിരുന്നു.
















