കണ്ണൂര്‍: കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ യുവതി ദേശീയ വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നു. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് യൂണിറ്റ് ഇന്‍ ചാര്‍ജായ പി.ലില്ലിയെയാണ് സിപിഎം യൂണിയനില്‍പ്പെട്ട ചില ജീവനക്കാരും പൊലീസും ചേര്‍ന്ന് ഏതാനും ദിവസം മുമ്പ് മര്‍ദ്ദിച്ചത്. സിപിഎമ്മുമായി സഹകരിക്കാത്തതിനാല്‍ ഭരണം മാറിയപ്പോള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്ത മേലധികാരികള്‍ ഔദ്യോഗികമായി സ്‌റ്റോക്ക് കൈമാറാതെ സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമതലയില്‍ നിന്നൊഴിയാന്‍ നിര്‍ബന്ധിച്ചായിരുന്നു മര്‍ദ്ദിച്ചതെന്ന് യുവതി ചൂണ്ടിക്കാട്ടിയിരുന്നു.
കണ്ണൂര്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിലെ ഇന്‍ ചാര്‍ജായ ലില്ലിയെ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവൃത്തി സമയത്ത് അടച്ചുപൂട്ടി എന്ന കുറ്റം ആരോപിച്ചാണ് ഏതാനും ദിവസം മുമ്പ് സസ്‌പെന്‍ഡ് ചെയ്തത്. ലില്ലിക്ക് പകരം വന്ന ജീവനക്കാരനും മറ്റ് കണ്‍സ്യൂമര്‍ ഫെഡ് ഉദ്യോഗസ്ഥരും കഴിഞ്ഞ 18ാം തീയതി സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്ന് ഇവരോട് ഉടന്‍ പുറത്തിറങ്ങണമെന്നും ചുമതല പുതിയ ആള്‍ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സ്‌റ്റോക്ക് സംബന്ധിച്ച് തീരുമാനമാകാതെ ചുമതല ഒഴിയാനാവില്ലെന്ന നിലപാടില്‍ ലില്ലി ഉറച്ചുനിന്നു. തുടര്‍ന്നാണ് ഇവരെ മര്‍ദ്ദിക്കുകയും വലിച്ചിഴക്കുകയും ചെയ്തത്. സ്ഥലത്തെത്തിയ പൊലീസും ഇവരെ ശാരീരികമായി ഉപദ്രവിച്ചു. ലില്ലിയുടെ കൈത്തണ്ടയില്‍ ഇരുമ്പ് കമ്പികൊണ്ട് മുറിവേല്‍പിക്കുകയും ചെയ്തു. പരിക്കേറ്റ ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സിഎംപി നേതാവായ കെ.സി.നന്ദന്റെ മകളാണ് ലില്ലി. തന്നോട് കണ്‍സ്യൂമര്‍ ഫെഡിലെ സിഐടിയു യൂണിയനില്‍പ്പെട്ടവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ശത്രുത പുലര്‍ത്തിയിരുന്നു എന്ന് ലില്ലി പറയുന്നു.
തനിക്കുണ്ടായ ദുരനുഭവങ്ങള്‍ ദേശീയവനിതാ കമ്മിഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും ലില്ലി പറഞ്ഞു. സ്‌റ്റോക്കെടുപ്പ് നടത്തിയ ശേഷം സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നാല്‍ മതിയെന്ന അധികൃതരെടുത്ത തീരുമാനത്തെ തുടര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുകയാണ്.
















