ന്യൂദല്‍ഹി: രോഗിയുടെ കാല്‍ മാറി ഓപ്പറേഷന്‍ നടത്തിയ അഞ്ചു ഡോക്ടര്‍മാര്‍ക്കും സഹായികളായിരുന്നവര്‍ക്കും ജോലി പോയി. ഷാലിമാര്‍ ബാഗിലെ ഫോര്‍ട്ടിസ് ആശുപത്രിയിലാണ് സംഭവം. സംഭവം കേസുമായി. 24 കാരനായ ചാര്‍ട്ടേഡ്അക്കൗണ്ടന്റ് രവി റായിക്കാണ് ദുരനുഭവമുണ്ടായത്. കഴിഞ്ഞ ദിവസം സ്‌റ്റെയര്‍ കേസില്‍ നിന്ന് തെന്നിവീണ് രവിയുടെ വലതു കാലിന് പൊട്ടലുണ്ടായി. തുടര്‍ന്ന് രവിയെ ഫോര്‍ട്ടിസ് ആശുപത്രിയിലാക്കി. കണങ്കാലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് വലതു കാല്‍ ഓപ്പറേറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഓപ്പറേഷനും നടന്നു.
ഓപ്പറേഷനു ശേഷം മുറിയില്‍ എത്തിച്ചപ്പോഴാണ് വലതുകാലിനു പകരം ഇടതുകാലിലാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് കണ്ടെത്തിയത്. ഇതേപ്പറ്റി അധികൃതരോട് ചോദിച്ചപ്പോള്‍ കുഴപ്പമില്ല, വീണ്ടും ഓപ്പറേഷന്‍ നടത്തി ഇടതുകാലില്‍ പിടിപ്പിച്ച സ്‌ക്രൂകള്‍ ഇളക്കി മാറ്റി വലതുകാലില്‍ ഓപ്പറേഷന്‍ നടത്തി അതിനുള്ളില്‍ പിടിപ്പിക്കാമെന്നായിരുന്നു ലളിതമായ മറുപടിയെന്ന് രവിയുടെ പിതാവ് രാംകരണ്‍ പറഞ്ഞു.
ഒരു ലക്ഷം രൂപ ആശുപത്രില്‍ അടച്ചു കഴിഞ്ഞു. അദ്ദേഹം പറഞ്ഞു. ആശുപത്രിക്ക് എതിരെ കേസ് കൊടുത്തിട്ടുമുണ്ട്. സംഭവം പുറത്തായതോടെ അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ച് ആശുപത്രി അധികൃതര്‍ തലയൂരി. അഞ്ചു ഡോക്ടര്‍മാരെയും സഹായികളായിരുന്ന ഏതാനും പേരെയും പിരിച്ചുവിട്ടതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
















