പനാജി: പ്രശസ്ത വെള്ളച്ചാട്ടമായ ദുദ്‌സാഗറിലേയ്‌ക്ക് മികച്ച റെയില്‍ സംവിധാനമൊരുക്കുന്നതിന് ഗോവ വിനോദ സഞ്ചാര വകുപ്പിന്റെ ശ്രമം. ഇതു സംബന്ധിച്ച വിഷയത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി ഗോവ ടൂറിസം മന്ത്രി ദീലീപ് പരുലേക്കര്‍ ബന്ധപ്പെട്ടിരുന്നു.
വാസ്‌ക്കോയില്‍ നിന്ന് ദുദ്‌സാഗര്‍ വരെ ദിവസേന ട്രെയിന്‍ സര്‍വ്വീസ് കൊണ്ടു വരാനാണ് ശ്രമം. ജില്ലയിലെ പ്രാദേശിക അധികൃതരുമായി സഹകരിച്ച് ദുദ്‌സാഗറില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള സുരഷാ സംവിധാനം ഒരുക്കുമെന്നും പരുലേക്കര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം സുരക്ഷയെ കണക്കിലെടുത്ത് ദുദ്‌സാഗര്‍ വെള്ളച്ചാട്ട പ്രദേശത്തേയ്‌ക്ക് യാത്രക്കാരെ പ്രവേശിക്കാന്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മണ്‍സൂണ്‍ ശക്തി പ്രാപിച്ചതോടെ ഇവിടേയ്‌ക്ക് എത്താന്‍ കഴിയാത്തതിന്റെ നിരാശ വിനോദ സഞ്ചാരികള്‍ മറച്ചു വയ്‌ക്കുന്നില്ല. മണ്‍സൂണ്‍ കാലങ്ങളിലാണ് ദുദ്‌സാഗര്‍ കൂടുതല്‍ സുന്ദരിയാകുന്നത്. അത് തന്നെയാണ് വിനോദ സഞ്ചാരികളുടെ നിരാശയുടെ കാരണമെന്നും പരുലേക്കര്‍ പറഞ്ഞു.
മണ്‍സൂണ്‍ ടൂറിസത്തിന് ഗോവയില്‍ വന്‍ പ്രചാരണമാണ്. വിനോദ സഞ്ചാരികള്‍ മണ്‍സൂണ്‍ അവധികാലം ചിലവഴിക്കാന്‍ തെരഞ്ഞെടുക്കുന്നതും ഗോവ തന്നെ.

ഗോവ-കര്‍ണാടക അതിര്‍ത്തിയിലെ ദുദ്‌സാഗര്‍ വെള്ളച്ചാട്ടത്തെ പശ്ചാത്തലമാക്കി നിരവധി സിനിമകള്‍ പുറത്തിറക്കിയിട്ടുണ്ട്. അതില്‍ പലതും ഹിറ്റുകളുടെ ഗണത്തിലാണ്. ദുദ്‌സാഗര്‍ പശ്ചാത്തലമാക്കി ചിത്രീകരിച്ച ബോളിവുഡ് ചിത്രം ‘ചെന്നൈ എക്‌സ്പ്രസ്’ വന്‍ ഹിറ്റായതോടെ ഇവിടെയ്‌ക്ക് വിനോദ സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നെന്നും പരുലേക്കര്‍ ചൂണ്ടിക്കാട്ടി.
















