ന്യൂദൽഹി: എഎപി എംഎൽഎ ദിനേശ് മോഹ്‌നിയ അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി സ്ത്രീ രംഗത്തെത്തി. കുടിവെള്ള വിതരണം സംബന്ധിച്ച് പരാതി നൽകാൻ സംഘ് വിഹാർ പ്രദേശത്തെ എംഎൽഎയായ ദിനേശിന്റെ ഓഫീസിൽ എത്തിയ സ്ത്രീകൾക്കാണ് അസഭ്യവും ദേഹോപദ്രവും ഏൽക്കേണ്ടി വന്നത്.
പ്രദേശത്ത് കുടിവെള്ള പ്രശ്നം രൂക്ഷമായതിനാൽ എംഎൽഎയെ സന്ദർശിക്കാനെത്തിയതായിരുന്നു സ്ത്രീകൾ. എന്നാൽ തങ്ങളുടെ കാര്യം അവതരിപ്പിക്കുന്നതിനു മുൻപ് തന്നെ എംഎൽഎ തങ്ങളോട് ഇറങ്ങി പോകാൻ ആവശ്യപ്പെടുകയും അസഭ്യം പറയുകയും ഇതിനു പുറമെ ശരീരത്ത് പിടിച്ച് തള്ളുകയായിരുന്നുവെന്ന് സ്ത്രീ പറഞ്ഞു.
തുടർന്ന് അസഭ്യം കേൾക്കാനോ ദേഹോപദ്രവം ഏൽക്കാനോ അല്ല ഇവിടെ വന്നതെന്ന് സ്ത്രീകൾ എംഎൽഎയോട് പറഞ്ഞു. എംഎൽഎക്കെതിരെ കേസെടുക്കാൻ പോലീസിനെ സമീപിക്കുമെന്ന് സ്ത്രീ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ദൽഹി ജല വിഭവ വകുപ്പിന്റെ വൈസ് ചെയർമാനായി ദിനേശ് മോഹ്‌നിയെ നിയമിച്ചത്. നേരത്തെ 400 കോടി രൂപയുടെ വാട്ടർ ടാങ്ക് അഴിമതി നടത്തിയെന്ന് ആരോപിച്ച് ദൽഹി സർക്കാരിനെതിരെ ആന്റി കറപ്ഷൻ ബ്രാഞ്ച് കേസ് റജിസ്ട്രർ ചെയ്തിരുന്നു.
















