ഇരിട്ടി: സ്‌ഫോടക വസ്തുക്കളുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന ആള്‍ ആറളം പോലീസിന്റെ പിടിയിലായി. തില്ലങ്കേരി ആലാച്ചി സ്വദേശി ശ്രീജിത്തി (40)നെയാണ് ആറളം അഡീഷണല്‍ എസ്‌ഐമാരായ അനില്‍രാജ്, വില്ലി എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ കീഴ്പള്ളിയില്‍ വെച്ചാണ് ഇയാള്‍ പിടിയിലാവുന്നത്. 64 ഇലട്രോണിക് ഡിറ്റനെറ്റര്‍, പശ എന്നിവയായിരുന്നു ഇയാള്‍ സഞ്ചരിച്ച ഹുണ്ടായ് കാറില്‍ ഉണ്ടായിരുന്നത്. ഇവ ചാക്കില്‍ കെട്ടി സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ക്വാറികളിലേക്ക് കൊണ്ടുവന്ന സ്‌ഫോടക വസ്തുക്കള്‍ ആണ് ഇവയെന്നാണു ഇയാള്‍ പോലീസിനോട് പറഞ്ഞത്. സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് മുന്‍പും ഇയാളുടെ പേരില്‍ കേസ് ഉണ്ടെന്നു പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















