കണ്ണൂര്‍: വേങ്ങാട് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ അനധികൃത ഇറച്ചിക്കടകളും ഉടന്‍ അടച്ചുപൂട്ടാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാവശ്യവുമായി പ്രദേശവാസി രംഗത്ത്. പാതിരിയാട്ടെ കണിയാങ്കണ്ടി ഉപശ്ലോകനാണ് അനധികൃത ഇറച്ചിക്കടകളുടെ പ്രവര്‍ത്തനഫലമായി പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതകള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് മുന്നോട്ട് വന്നിരിക്കുന്നത്.
മമ്പറം ടൗണിലുള്ള മദീന, ചിക്കന്‍, മട്ടണ്‍, ബീഫ് സ്റ്റാള്‍ തുടങ്ങി പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ ഇറച്ചിക്കടകളും പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായിട്ടാണ്. മാംസത്തിന്റെ അവശിഷ്ടങ്ങള്‍ പുഴയിലിടുന്നത് കൊണ്ട് പ്രദേശത്തുള്ള ജനങ്ങള്‍ക്ക് പലവിധ രോഗങ്ങള്‍ വരുന്നത് നിത്യസംഭവമായിരിക്കുകയാണെന്നും ഉപശ്ലോകന്‍ വ്യക്തമാക്കി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് അനധികൃത ഇറച്ചിക്കടയാണെന്ന് വിവരാവകാശത്തിലൂടെ മനസിലാക്കിയതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് പരിധിയില്‍ ആട്, പോത്ത്, ഇറച്ചിക്കോഴി കച്ചവടം നിരോധിക്കുവാനും ഇറച്ചിക്കോഴി വില്‍പനക്ക് മാത്രം ലൈസന്‍സ് നല്‍കാന്‍ പഞ്ചായത്ത് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ലൈസന്‍സ് വ്യവസ്ഥ ലംഘിച്ച് അനധികൃത ഇറച്ചികടകളില്‍ നിന്ന് ആട്, പോത്ത്, ഇറച്ചിക്കോഴി കച്ചവടം എന്നിവ ഇപ്പോഴും തുടരുകയാണ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം കടകള്‍ പൂട്ടാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെന്നിരിക്കെ ഇത്തരം കടകള്‍ എത്രയുംപെട്ടെന്ന് അടച്ച് പൂട്ടാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഉപശ്ലോകന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
















