പരിശോധനാ സാക്ഷിയെന്നാല് നമ്മിലുള്ള സര്‍വ്വദോഷങ്ങളും ഒന്നൊന്നിടാതെ എല്ലാം ഗുരു മുന്‍പാകെ ഏറ്റു പറഞ്ഞതിനുശേഷം ഉപേക്ഷിക്കുക. ഇങ്ങനെ ഉപേക്ഷിച്ചിട്ട് അന്നാള് മുതല്‍ പുതിയ നിയമത്തില്‍ക്കൂടി ജീവിക്കുക. നാം ഗുരുവിനെ ബന്ധിക്കുന്നത് സര്വഅനുഗ്രഹങ്ങള്ക്കുമായിട്ടുള്ള ആത്മബന്ധത്തിനാകുന്നു.
ഗുരുവും ശിഷ്യനുമായിട്ടുള്ള ബന്ധം ആത്മസുഖം നിത്യാനന്ദമാകുന്നു. എങ്ങനെയെന്നാല്‍ ഉപ്പ് അപ്പില്‍ എന്ന പോലെ ഏതെങ്കിലും ഒന്ന് നശിക്കണം. ഉപ്പ് അപ്പില്‍ നിന്നും ഉണ്ടായതാകകൊണ്ട് അത് അപ്പില്‍ തന്നെ ലയിച്ചു പോകും.
ഗുരുവിന്റെ സാക്ഷാല്‍ ഉള്ള ആത്മാവ് അറിവാകുന്നു. ഈ അറിവുകൊണ്ടാകുന്നു ലോകം മുഴുവന്‍ ഉണ്ടായിട്ടുള്ളത്. ഈ അറിവാണ് മനുഷ്യനില്‍ രൂപമാക്കി നിര്‍ത്തിയിരിക്കുന്നത്. സര്‍വ്വജ്ഞാനമാകുന്ന ദൈവത്തിന്റെ സൃഷ്ടികളാകുന്നു ഇതെല്ലാം.
അവന്റെ മുഖസ്വരൂപമാണ് ഗുരുവിന്റെ ഹൃദയം. ആയതു കൊണ്ട് എല്ലാം അങ്ങോട്ട് ലയിക്കാനേ ഉള്ളു. അതു കൊണ്ട് നിന്റെ സര്‍വ്വദോഷങ്ങളും പറഞ്ഞ് ഉപേക്ഷിച്ച് സത്യത്തില്ക്കൂടി ഗുരുവില്‍ ലയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: