പാരീസ്: യൂറോകപ്പില്‍ റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് വെയ്ല്‍സ് പ്രീക്വാര്‍ട്ടറില്‍ കടന്നു. സ്ലോവാക്യയോട് ഗോള്‍രഹിത സമനില വഴങ്ങിയെങ്കിലും ഇംഗ്ലണ്ടും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി.
നാട്ടിലേക്ക് മടക്കി അയക്കരുതെന്ന ആരാധകരുടെ വാക്കുകള്‍ക്ക് വെയ്ല്‍സ് താരങ്ങള്‍ മറുപടി നല്‍കിയത് റഷ്യയുടെ വലനിറച്ചായിരുന്നു. അങ്ങനെ 58 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഒരു പ്രധാന ടൂര്‍ണമെന്റില്‍ ബൂട്ടുകെട്ടിയ ഗാരത് ബെയ്‌ലിന്റെ വെയ്ല്‍സ് ബി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി രാജകീയമായിതന്നെ പ്രീക്വാര്‍ട്ടറിലെത്തി.
ആദ്യാവസാനം റഷ്യയെ കാഴ്ചക്കാരാക്കിയ വെയ്ല്‍സിനെ പതിനൊന്നാം മിനിറ്റില്‍ ആരോണ്‍ റാംസെയാണ് മുന്നിലെത്തിച്ചത്. ബെയ്‌ലിന്റെ പാസ് നീല്‍ ടെയ്‌ലര്‍ ഉന്നംപിഴയ്‌ക്കാതെ തൊടുത്തപ്പോള്‍ ആദ്യപകുതിയില്‍ ചെമ്പട രണ്ട്‌ഗോളിന് മുന്നിലെത്തി.
കളിയുടെ ചുക്കാന്‍പിടിച്ച ബെയ്ല്‍ അറുപത്തിയേഴാംമിനിറ്റില്‍ ലക്ഷ്യം കണ്ടതോടെ റഷ്യയുടെ തകര്‍ച്ച പൂര്‍ത്തിയായി. തുടര്‍ച്ചയായ മൂന്ന് കളികളിലും ഓരോഗോള്‍നേടി ബെയ്ല്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനുമായി.
സ്ലോവാക്യയ്‌ക്കെതിരെ കിട്ടിയ അവസരങ്ങളെല്ലാം പാഴാക്കിയ ഇംഗ്ലണ്ട് ഗോളില്ലാ സമനിലയുമായി അവസാന പതിനാറിലെത്തി. ടീമില്‍ അടിമുടിമാറ്റം വരുത്തിയിട്ടും ഗോള്‍മുഖത്ത് ഇംഗ്ലണ്ട് കളിമറുന്നു.
















