തലശ്ശേരി: തലശ്ശേരി കുട്ടിമാക്കൂലില്‍ ദളിത് കുടുംബത്തിനു നേരെയുണ്ടായ മാര്‍ക്സിസ്റ്റ് അതിക്രമം സിഎമ്മിന്റെ ദളിതരോടുള്ള സമീപനം കാപട്യം നിറഞ്ഞതാണെന്നതിനുള്ള തെളിവാണെന്ന് മഹിളാ ഐക്യവേദി ഭാരവാഹികള്‍ ആരോപിച്ചു. സിപിഎമ്മുകാര്‍ നല്കിയ കള്ളക്കേസില്‍ ജയിലിലടക്കപ്പെട്ട യുവതികളെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍.
രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ വൃദ്ധനായ അച്ഛനും നാലുമക്കളും അടങ്ങുന്ന കുടുംബത്തെ കള്ളക്കേസില്‍ കുടുക്കി നിരന്തരം പീഡിപ്പിക്കുകയും ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് രണ്ട് യുവതികളെയും ഒന്നരവയസ്സുള്ള പിഞ്ചുകുഞ്ഞിനെയും ജയിലിലടക്കുകയും ചെയ്തത് കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്.
യുവതികളെ അപമാനിക്കുന്നതരത്തിലുള്ള പ്രസ്താവനകള്‍ സിപിഎം നേതാക്കള്‍ തുടരുകയാണ്. സ്വന്തം മക്കള്‍ക്കാണ് ഈ അനുഭവം ഉണ്ടായതെങ്കില്‍ സിപിഎം നേതാക്കള്‍ ഇത്തരത്തില്‍ പ്രതികരിക്കുമോ എന്ന് ഐക്യവേദി നേതാക്കള്‍ ചോദിച്ചു.
മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ഓമനാ മുരളി, സംസ്ഥാന സമിതി അംഗം മാലതി ടീച്ചര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷൈനി പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതികളെ സന്ദര്‍ശിച്ചത്.
















