ഹരാരെ: സിംബാബ്‌വെക്കെതിരായ രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് മിന്നുന്ന ജയം. ആദ്യ ഏകദിനത്തില്‍ രണ്ട് റണ്‍സിന് തോറ്റ ടീം ഇന്ത്യ രണ്ടാം മത്സരത്തില്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ട്വന്റി 20യുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ 10 വിക്കറ്റിന്റെ ജയം സ്വന്തമാക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13.1 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 103 റണ്‍സെടുത്താണ് ഗംഭീര വിജയം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-1ന് ഒപ്പമെത്താന്‍ ഇന്ത്യക്കായി. ഇന്ത്യക്ക് വേണ്ടി ട്വന്റി 20യില്‍ അരങ്ങേറ്റം കുറിച്ച ബരീന്ദര്‍ സ്രാനാണ് മാന്‍ ഓഫ് ദി മാച്ച്. ധവാല്‍ കുല്‍ക്കര്‍ണിയും ആദ്യ ട്വന്റി 20 മത്സരം കളിച്ചു.
വിജയിക്കാന്‍ 100 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയെ ഓപ്പണര്‍മാരായ ലോകേഷ് രാഹുലും മന്‍ദീപ് സിംഗും ചേര്‍ന്നാണ് മികച്ച വിജയത്തിലേക്ക് നയിച്ചത്. മന്‍ദീപ് 40 പന്തില്‍ നിന്ന് ആറ് ഫോറും ഒരു സിക്‌സറുമടക്കം 52 റണ്‍സെടുത്തും ലോകേഷ് രാഹുല്‍ 40 പന്തുകളില്‍ നിന്ന് രണ്ട് വീതം ഫോറും സിക്‌സറുമടക്കം 47 റണ്‍സെടുത്തും പുറത്താകാതെ നിന്നു.
നേരത്തെ ഇന്ത്യന്‍ പേസര്‍മാരുടെ മിന്നുന്ന ബൗളിങാണ് സിംബാബ്‌വെ സ്‌കോര്‍ 99-ല്‍ ഒതുക്കിയത്.നാലോവറില്‍ പത്ത് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ബരീന്ദര്‍ സ്രാനും നാലോവറില്‍ 11 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുമാണ് സിംബാബ്‌വെയെ ചുരുട്ടിക്കെട്ടിയത്. അഞ്ചു പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിങ്‌സില്‍ 32 പന്തില്‍ 31 റണ്‍സെടുത്ത പീറ്റര്‍ മൂറാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍.
മാല്‍ക്കം വാലര്‍ 14 റണ്‍സെടുത്തു. ഓപ്പണര്‍മാരായ മസാകഡ്‌സയും ചിബാബയും 10 റണ്‍സ് വീതമെടുത്തപ്പോള്‍ പത്താമനായി ഇറങ്ങി 11 റണ്‍സുമായി പുറത്താകാതെ നിന്ന ഡൊണാള്‍ഡ് ടിരിപാനോയാണ് ടീമിനെ ഓള്‍ ഔട്ടാകുന്നതില്‍ നിന്നും രക്ഷിച്ചത്. സ്രാനും ബുംറക്കും പുറമെ ധവാല്‍ കുല്‍ക്കര്‍ണി, യൂസ്‌വേരന്ദചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി. 4 ഓവറില്‍ 23 റണ്‍സ് വഴങ്ങിയ അക്ഷര്‍ പട്ടേലിന് വിക്കറ്റില്ല. പരമ്പരയിലെ അവസാന മത്സരം 22ന് നടക്കും.
















