കണ്ണൂര്‍: ദളിത് യുവതികളുടെ ജാമ്യഹര്‍ജി പോലും പരിഗണിക്കാതെ റിമാന്റ് ചെയ്ത നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ആരോപിച്ചു. യുവതികളെ തലശ്ശേരി കോടതിയില്‍ ഹാജരാക്കാതെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയതിലും ദുരൂഹതയുണ്ട്. ഇരുവരും വക്കീല്‍ മുഖാന്തിരം ജാമ്യ ഹര്‍ജി നല്‍കിയെങ്കിലും മജിസ്‌ട്രേറ്റ് ജാമ്യ ഹര്‍ജി നിരസിക്കകയായിരുന്നു. ജാമ്യ ഹര്‍ജി നിരസിച്ചത് നിയമസംവിധാനത്തോടുള്ള കടുത്ത വെല്ലുവിളിയാണ്. കൂത്തുപറമ്പ് സ്വദേശിയായ മജിസ്‌ട്രേറ്റ് ബോധപൂര്‍വ്വം ജാമ്യഹര്‍ജി നിരസിച്ചുവെന്നും കെ.സുധാകരന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അന്വേഷണം നടത്തിയാല്‍ വസ്തുതകള്‍ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. സെഷന്‍സ് കോടതി തലശ്ശേരിയിലായിട്ടും യുവതികളെ വൈകുന്നേരം കണ്ണൂര്‍ കോടതിയിലെത്തിച്ചത് പോലീസിന്റെ ഗൂഢാലോചനയാണ്. യുവതികള്‍ക്ക് ആവശ്യമായ നിയമപരിരക്ഷപോലും ലഭിച്ചില്ല. പോലീസിലെ ഉന്നതര്‍ ഉള്‍പ്പെട്ട ഗൂഢാലോചനയാണ് യുവതികളുടെ ആസൂത്രിതമായ അറസ്റ്റിനും റിമാന്റിനും പിന്നിലെന്നും കെ.സുധാകരന്‍ പറഞ്ഞു.
















