കണ്ണൂര്‍: കളരിസംഘത്തില്‍നിന്നും കവര്‍ച്ച ചെയ്ത വാളുകള്‍ സഹിതം നാല് സിപിഎമ്മുകാരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പായിച്ചാലിലെ റെനീഷ് എന്ന ബദര്‍ (20), പുറത്താന്‍ കണ്ടി അഖിലാഷ് (22), പതിനേഴുവയസ്സുള്ള രണ്ടുപേര്‍ എന്നിവരെയാണ് വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഖിലാഷിന്റെ വീടിന് തൊട്ടടുത്തുളള പറമ്പില്‍ ചാക്കിലാക്കി കുഴിച്ചിട്ട എട്ട് വാളുകള്‍, രണ്ട് മഴു, ചുരിക എന്നിവ കണ്ടെടുത്തത്. കഴിഞ്ഞ മെയ് 1ന് രാത്രിയാണ് അഴീക്കോട് വന്‍കുളത്ത് വയല്‍ കൊട്ടാരത്തുംപാറയിലെ ശ്രീഗണേശ് കളരി സംഘത്തിന്റെ വാതില്‍ കുത്തിത്തുറന്ന് ആയുധങ്ങള്‍ കവര്‍ന്നത്. സിപിഎമ്മിന്റെ ക്രിമിനല്‍ സംഘത്തില്‍പെട്ട ഇവരില്‍ രണ്ടുപേര്‍ നിരവധി കേസുകളില്‍ പ്രതികളാണ്. മയക്ക് മരുന്ന് ഉപയോഗിക്കുന്ന ഇവര്‍ രണ്ട് ബൈക്കുകളിലെത്തിയാണ് കവര്‍ച്ച നടത്തിയത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.
അക്രമത്തിന് കോപ്പുകൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് വാളുകള്‍ കവര്‍ച്ച ചെയ്തത് എന്നാണ് പറയപ്പെടുന്നത്. അതേസമയം പ്രതികളുടെ രാഷ്‌ട്രീയ ബന്ധം മറച്ചുവെക്കാനാണ് പോലീസ് നീക്കം നടത്തിയതെന്ന് ആരോപണമുണ്ട്. സിപിഎമ്മിന്റെ ഉന്നതതലത്തിലുള്ള ഇടപെടലിനെ തുടര്‍ന്നാണ് പ്രതികള്‍ സിപിഎമ്മികാരാണെന്ന കാര്യം മറച്ചുവെച്ചത്.
അഴീക്കോടും പരിസരപ്രദേശങ്ങളിലും നിരന്തരമായി നടന്ന അക്രമങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. ഈപ്രദേശത്ത് അക്രമങ്ങള്‍ക്ക് സിപിഎം ശ്രമത്തുന്നുണ്ടെന്നാണ് വാളുകള്‍ പിടിച്ച സംഭവം വ്യക്തമാക്കുന്നത്. സംഭവത്തില്‍ നാട്ടുകാര്‍ ഭീതിയിലാണ്. അതേസമയം പ്രതികളുടെ പേരില്‍ നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് രക്ഷപ്പെടുത്താനും ശ്രമം നടത്തുന്നുണ്ടെന്നും സൂചനയുണ്ട്. ഇതിന്റെ ഭാഗമാണ് പിടിക്കപ്പെട്ടവരില്‍ ഒരാളെ ജാമ്യത്തില്‍ വിട്ടയച്ചതെന്നും അറിയുന്നു.
















