ന്യൂദല്‍ഹി: നാളെ കൊല്‍ക്കത്തിയില്‍ ആരംഭിക്കുന്ന സംസ്ഥാന ധനമന്ത്രിമാരുടെ ദ്വിദിന സമ്മേളനത്തില്‍ ജിഎസ്ടി നിയമം സംബന്ധിച്ച് വിശദമായി ചര്‍ച്ച നടത്തും. സമ്മേളനത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പങ്കെടുക്കും. ഭരണഘടനാ ഭേദഗതി ബില്ലായ ജിഎസ്ടി ബില്ല് കേന്ദ്രസര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ രാജ്യസഭയില്‍ പാസ്സാക്കുവാന്‍ ആയിട്ടില്ല.
അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ല് പാസ്സാക്കുവാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് ധനമന്ത്രിമാരുടെ യോഗത്തില്‍ ബില്ല് സംബന്ധിച്ച് ധാരണയിലെത്തുവാന്‍ ശ്രമിക്കുന്നത്. ജിഎസ്ടി ബില്ല് പാസ്സാകുന്നതോടെ പരോക്ഷനികുതി ഘടനയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും അതത് നിയമങ്ങള്‍ കൊണ്ടുവരാവുന്നതാണ്. അന്തര്‍സംസ്ഥാന ചരക്കുനീക്കത്തില്‍ ഇരട്ട നികുതി ഒഴിവാക്കി മേഖല ശക്തിപ്പെടുത്തുവാനും സാധിക്കും. സംസ്ഥാന ധനമന്ത്രിമാരുടെ എമ്പവേഡ് കമ്മറ്റിയുടെ ചെയര്‍മാന്‍ പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്രയാണ്. കഴിഞ്ഞവര്‍ഷം മെയ്‌മാസത്തില്‍ ലോക്‌സഭ ജിഎസ്ടി ബില്‍ പാസ്സാക്കിയിരുന്നു.
















