ന്യൂദല്‍ഹി: കൈലാസ് മാനസരോവര്‍ യാത്രയുടെ ഈ സീസണിലെ ആദ്യ തീര്‍ത്ഥാടക സംഘം യാത്രതിരിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
യാത്ര ചൈനയിലൂടെയായതിനാല്‍ തീര്‍ത്ഥാടകര്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെയും അച്ചടക്കത്തോടെയും മുന്നോട്ടുപോകണമെന്നും രാജ്യത്തിന്റെ പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കണമെന്നും സുഷമ അഭ്യര്‍ഥിച്ചു. ടിബറ്റിലൂടെയും ചൈനയിലെ ചില മേഖലകളിലൂടെയും കടന്നുപോകുന്ന ഈ വഴി പ്രായമേറിയ തീര്‍ഥാടകര്‍ക്ക് ഏറെ സഹായകമാണ്.
യാത്ര സംബന്ധിച്ച വിവരങ്ങളടങ്ങിയ വെബ്‌സൈറ്റും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉദ്ഘാടനം ചെയ്തു. ഈ സീസണില്‍ 25 സംഘങ്ങളിലായി 1430 തീര്‍ത്ഥാടകര്‍ ടിബറ്റ്-ചൈനാ വഴി യാത്രചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 18 സംഘത്തിലെ 60 തീര്‍ത്ഥാടകര്‍ പരമ്പരാഗത ലിപുലേഖ് പാതയിലൂടെയാണ് പോകുന്നത്.
ഏഴുസംഘങ്ങളിലായി 50 തീര്‍ത്ഥാടകര്‍ നാഥുലാ പാസിലൂടെയാണ് പോകുന്നത്. വിവിധ സംഘങ്ങളായുള്ള യാത്ര നാലുമാസത്തോളം തുടരും.
കൈലാസ് മാനസരോവര്‍ യാത്രക്ക് 2260 തീര്‍ത്ഥാടകരാണ് അപേക്ഷ നല്‍കിയത്. പിന്നീട് കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ ചുരക്കപ്പട്ടിക തയ്യാറാക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം 23 സംഘങ്ങളായി 999 തീര്‍ത്ഥാടകരാണ് രണ്ട് പാതകളിലൂടെ പോയത്.
















