ശ്രീനഗർ: പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെ ഭീകരർ നടത്തിയ വെടിവെപ്പിൽ നാല് പോലീസുകാർ ഗുരുതരമായി പരുക്കേറ്റു. ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലാണ് സംഭവം. ക്വാസഗുണ്ട് പ്രദേശത്തെ നവ ചൗഗാം ഗ്രാമത്തിലെ പോലീസുകാരാണ് ഭീകരരുടെ തോക്കുകൾക്ക് ഇരകളായത്.
പ്രദേശത്ത് റോന്ത് ചുറ്റിയിരുന്ന പോലീസുകാർക്ക് നേരെ ചാടി വീണ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് അറിയിച്ചു. വെടിവെപ്പിൽ മൂന്ന് കോൺസറ്റ്ബിൾമാർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭീകരർക്കായി പോലീസും സൈന്യവും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ അഞ്ച് പോലീസുകാരാണ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. താഴ്‌വരയിൽ ട്രാഫിക് പോലീസുകാരടക്കമുള്ള നിരായുധരായ പോലീസുകാരെയാണ് ഭീകരർ വേട്ടയാടുന്നത്.
















