വാഷിങ്ടണ്‍: ഭാരതം അമേരിക്കയുടെ ഏറ്റവും വലിയ സഖ്യരാഷ്‌ട്രമായി വളരുകയാണെന്ന് യുഎസ് ആഭ്യന്തര പ്രതിനിധി പോള്‍ റിയാന്‍. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പുതിയ വിദേശനയ അവലോകന ചര്‍ച്ചയ്‌ക്കിടെയാണ് റിയാന്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. ഭാരതവുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തിയതില്‍ നിലവിലെ ഭരണകൂടത്തിന് വലിയപങ്കാണുള്ളത്. അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും റിയാന്‍ പറഞ്ഞു. യുഎസ് സംയുക്ത കോണ്‍ഗ്രസില്‍ സംസാരിക്കാന്‍ ക്ഷണിക്കപ്പെട്ട വിദേശനേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണ്.
യു എസ് കോണ്‍ഗ്രസില്‍ ഒട്ടേറെ ആരാധകരാണ് മോദിക്കുള്ളത്. പ്രധാനമന്ത്രി അടുത്തിടെ നടത്തിയ യു എസ് സന്ദര്‍ശനത്തില്‍ റിയാനും മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ ഇരു രാജ്യങ്ങളുടേയും നയതന്ത്രബന്ധങ്ങളും, ഭാരത-പാക്, മറ്റു പ്രാദേശിക വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തിയിരുന്നു.
ഭാരതത്തില്‍ പുതിയതായി അധികാരത്തിലെത്തിയ എന്‍ഡിഎ സര്‍ക്കാരുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ അമേരിക്കയ്‌ക്കായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണവും മെച്ചപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.
അതേസമയം ഭാരതവുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയതൊഴികെ ഒബാമയുടെ വിദേശ നയങ്ങള്‍ക്ക് കടുത്ത വിമര്‍ശനമാണ് ലഭിച്ചത്. അമേരിക്കയുടെ സൈനിക ക്ഷമതയും ശക്തിയും കുറയ്‌ക്കുന്നതാണ് ഒബാമയുടെ നയമെന്നാണ് യുഎസ് കോണ്‍ഗ്രസ്സിന്റെ വിമര്‍ശനം.
















