പൂച്ചാക്കല്‍: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരേക്കറോളം കണ്ടല്‍ക്കാട് നശിപ്പിച്ചതായി ആക്ഷേപം. അരൂക്കുറ്റി പഞ്ചായത്തില്‍ കൊമ്പനാമുറിയില്‍ പാദുവാപുരം പള്ളിക്കു സമീപമുള്ള കണ്ടല്‍ക്കാടാണ് പൂര്‍ണമായും നശിപ്പിക്കപ്പെട്ടത്.
കൈതപ്പുഴ കായലിനോട് ചേര്‍ന്ന കിടക്കുന്ന പ്രദേശം സമീപവാസിയില്‍ നിന്ന് എറണാകുളം സ്വദേശിയാണ് വാങ്ങിയത്. കായല്‍തീരത്ത് അടിഞ്ഞു കൂടിയ എക്കല്‍ മണ്ണും ചെളിയും ഉപയോഗിച്ചാണ് ഇവിടം നികത്തുന്നത്. കൂടാതെ കായലില്‍ നിന്ന് അനധൃകൃതമായി മണലൂറ്റുന്നതായും നാട്ടുകാര്‍ പറയുന്നു. പുരയിടത്തില്‍ നിന്ന് കായലിലേക്ക് തോടുണ്ടാക്കിയും മണലെടുക്കുന്നുണ്ട്.
പഞ്ചായത്തധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന് ഒത്താശചെയ്യുന്നതായും വിമര്‍ശനമുണ്ട്. നീര്‍ത്തടസംരക്ഷണ നിയമം ലംഘിച്ച് സ്വകാര്യ വ്യക്തി അനധികൃതമായി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനം തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കായലോരങ്ങളില്‍ പലയിടത്തും ഇത്തരത്തില്‍ കണ്ടല്‍കാടുകള്‍ നശിപ്പിച്ച് ചതുപ്പുകള്‍ നികത്തുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
തദ്ദേശസ്ഥാപനങ്ങളും റവന്യു അധികൃതരും ഒത്താശ ചെയ്യുന്നതിനാലാണ് ഇത്തരത്തില്‍ വ്യാപകമായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
















