സൂര്യപ്പേട്ട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനങ്ങളെ പരിഹസിക്കുന്നവർക്ക് ചുട്ട മറുപടിയുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ രംഗത്തെത്തി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് സന്ദർശിച്ചതിനേക്കാളും കുറവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രകളെന്ന് അമിത് ഷാ പറഞ്ഞു. മുൻ പ്രധാനമന്ത്രി തിരികെ എത്തിയപോലെയല്ല മോദിയുടെ മടങ്ങി വരവുകൾ എന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ പൊതു പരിപാടിയിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം തകർന്നു പോയ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ വീണ്ടെടുക്കാൻ കഴിഞ്ഞു. ഭാരതത്തിന് ചൈനയെ വരെ സാമ്പത്തികമായി പരാജയപ്പെടുത്താൻ സാധിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നും രാജ്യത്തിലേക്ക് വരുന്ന എഫ്‌ഡിഐയുടെ കുത്തൊഴുക്ക് അതിശയകരമാണെന്നും അദ്ദേഹം പറഞ്ഞു.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രണ്ട് പേജ് എഴുതി തയ്യാറാക്കി കൊണ്ടു പോയി പ്രസംഗിക്കണ പോലെയല്ല മോദിയുടെ വിദേശ രാജ്യങ്ങളിലെ സംസാരമെന്നും അദ്ദേഹം പറഞ്ഞു. സോണിയഗാന്ധിയെയും വിമർശിക്കാൻ അമിത് ഷാ മറന്നില്ല.
‘സോണിയാ ജി. ഞങ്ങൾ നന്നായി പ്രസംഗിക്കുന്ന പ്രധാനമന്ത്രിയെയാണ് നിങ്ങൾക്ക് തന്നിരിക്കുന്നത്, നിങ്ങളോടും മകനോടും മാത്രം സംസാരിക്കുന്ന പ്രധാനമന്ത്രിയെയാണ് കഴിഞ്ഞ തവണ നിങ്ങൾ കണ്ടുപിടിച്ച് തന്നത്, 10 വർഷം നിങ്ങൾ ഭരിച്ച് രാജ്യത്തിന്റെ ട്രഷറിയിൽ നിന്നും കട്ടെടുത്തത് 10 ലക്ഷം കോടി രൂപയാണ്’ അമിത് ഷാ പരിഹസിച്ചു.
മൗനി ബാബ വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ലോകം ശ്രദ്ദിക്കാറില്ല, ആകെ ശ്രദ്ധിക്കുന്നത് അമ്മയായ സോണിയാ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയുമാണ്, എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് കോൺഗ്രസിൽ വരെ പ്രസംഗിക്കുമ്പോൾ ഈ ലോകം തന്നെ ശ്രവിച്ച് നിന്നു പോയിയെന്നും അമിത് ഷാ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി നില കൊള്ളുന്ന സർക്കാാരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















