ന്യൂദല്‍ഹി: ചലച്ചിത്ര സര്‍ട്ടിഫിക്കേഷന്‍ നിയമങ്ങള്‍ കൂടുതല്‍ ഉദാരമാക്കുമെന്നും നിയമങ്ങളില്‍ കാതലായ ഭേദഗതികള്‍ ഉടന്‍ വരുത്തുമെന്നും വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഉഡ്ത പഞ്ചാബ് എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉഡ്ത പഞ്ചാബ് എന്ന ചലച്ചിത്രത്തില്‍ നിന്ന് 89 ഭാഗങ്ങള്‍ വെട്ടിക്കളഞ്ഞത് ചോദ്യം ചെയ്ത് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഫിലിം സര്‍ട്ടിഫിക്കേറ്റ് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. ചിത്രം ആദ്യ പ്രദര്‍ശനത്തിന് എത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഈമാസം പതിനേഴിന് ട്രൈബ്യൂണല്‍ കേസ് പരിഗണിക്കും. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയെയും നിര്‍മാതാക്കള്‍ സമീപിച്ചിട്ടുണ്ട്.
ഈചലച്ചിത്രത്തെക്കുറിച്ച് തനിക്ക് യാതൊന്നുമറിയില്ലെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പ്രതികരിച്ചു. താന്‍ ഈ സിനിമ കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നിലവിലുളള സര്‍ട്ടിഫിക്കേഷന്‍ സംവിധാനത്തില്‍(സെന്‍സറിങ്) തനിക്ക് തൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. സെന്‍സര്‍ നിയമങ്ങളില്‍ വരുത്തേണ്ട ഭേദഗതികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രമുഖ ചലച്ചിത്രസംവിധായകന്‍ ശ്യാംബെനഗലിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതി ആദ്യ റിപ്പോര്‍ട്ടും തയാറാക്കിയിട്ടുണ്ട്. ഇതിന്റെ ആദ്യഭാഗം താന്‍ പരിശോധിച്ച് വരികയാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഭേദഗതികള്‍ പ്രഖ്യാപിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
നമ്മുടെ സംവിധാനത്തില്‍ അല്പ്പം യഥാസ്ഥിതിക മനോഭാവം ഉള്ളവരുണ്ട്. വിവാദം സൂചിപ്പിച്ച് മന്ത്രി പറഞ്ഞു. എന്നാല്‍ സംവിധാനത്തിനുള്ളില്‍ തന്നെ സെന്‍സര്‍ നടപടികള്‍ പരിശോധിക്കാനും തിരുത്തല്‍ നടപടി കൈക്കൊള്ളാനും സൗകര്യമുണ്ട്. സെന്‍സര്‍ ബോര്‍ഡിനു മുകളില്‍ അപ്പീല്‍ ട്രൈബ്യൂണലുണ്ട്. മിക്ക കേസുകളിലും അപ്പീല്‍ ട്രൈബ്യൂണല്‍ അനുമതി നല്‍കിയിട്ടുമുണ്ട്. കേന്ദ്രമന്ത്രി പറഞ്ഞു. ഉഡ്ത പഞ്ചാബ് സംബന്ധിച്ച് അപ്പീല്‍ ട്രൈബ്യൂണല്‍ കൃത്യമായ നടപടി കൈക്കൊള്ളുമെന്നാണ് ജെയ്റ്റ്‌ലിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
















