ന്യൂദല്‍ഹി: കേന്ദ്രസര്‍വ്വീസിലുള്ളവര്‍ക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതില്‍ 1966ല്‍ കൊണ്ടുവന്ന വിലക്ക് നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്രജോലികള്‍ ലഭിക്കണമെങ്കില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനല്ലെന്ന സത്യവാങ്മൂലം നല്‍കണമെന്ന ഉത്തരവാണ് കേന്ദ്രം പിന്‍വലിക്കുന്നത്. തികച്ചും യുക്തിരഹിതവും കാലഹരണപ്പെട്ടതുമായ ഉത്തരവ് കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായി പുറത്തിറക്കിയതാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
1966ല്‍ ഇന്ദിരാഗാന്ധിയാണ് കേന്ദ്രജോലികളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. 1975ല്‍ അടിയന്തരാവസ്ഥക്കാലത്തും പിന്നീട് 1980ലും ഇന്ദിരാഗാന്ധി ഇതേ ഉത്തരവിറക്കി. എന്നാല്‍ പിന്നീട് കേന്ദ്രസര്‍ക്കാരുകള്‍ ഈ ഉത്തരവ് പുതുക്കിയിരുന്നില്ല. നേരത്തെയുള്ള ഉത്തരവ് നിലനില്‍ക്കുന്നത് പുനപരിശോധിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും കേന്ദ്രപേഴ്‌സണല്‍ കാര്യമന്ത്രാലയത്തിന്റെയും ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു.
ആര്‍എസ്എസിനൊപ്പം ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരെയും കേന്ദ്രജോലികളില്‍ നിന്നും ഒഴിവാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ രാഷ്‌ട്രീയ തന്ത്രത്തിന്റെ ഭാഗമായിരുന്നു ആര്‍എസ്എസിനൊപ്പം ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ക്കും കേന്ദ്രസര്‍വ്വീസില്‍ വിലക്കേര്‍പ്പെടുത്തിയത്. പുതിയ സര്‍ക്കാര്‍ ഇത്തരം വിലക്കുകള്‍ തുടരാനുദ്ദേശിക്കുന്നില്ലെന്നും ജിതേന്ദ്രസിങ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്, മറ്റ് കേന്ദ്രമന്ത്രിമാര്‍ എന്നിവരെല്ലാം ആര്‍എസ്എസ് പ്രവര്‍ത്തകരും നിരവധി ചുമതലകള്‍ വഹിച്ചിരുന്നവരുമാണ്.
















