ന്യൂദല്‍ഹി: മുംബയ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളുമായി ടൈംസ് നൗ. പാക് ഭീകരസംഘടനകള്‍ സ്വയം അസൂത്രണം ചെയ്തു മാത്രം നടപ്പാക്കിയതല്ല ഭീകരാക്രമണമെന്നും ഭാരത ആഭ്യന്തരമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പല രീതിയില്‍ വശത്താക്കി അവരെ മന്ത്രാലയത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയ ശേഷമായിരുന്നു ആക്രമണമെന്നുമാണ് ടൈംസ് നൗ റിപ്പോര്‍ട്ട്.
ആഭ്യന്തരമന്ത്രാലയത്തിലെ ഒന്‍പത് ഉന്നതരെ മൊബൈല്‍ നെറ്റ്‌വര്‍ക്കു പോലും ലഭ്യമല്ലാത്ത പാക്കിസ്ഥാനിലെ മുറിയെന്ന വിനോദസഞ്ചാര കേന്ദ്രത്തില്‍ തന്ത്രത്തില്‍ എത്തിച്ച് ദല്‍ഹിയിലെ കണ്‍ട്രോള്‍ റൂമില്‍ അടിയന്തര നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പ്രമുഖര്‍ ആരുമില്ലെന്ന് ഉറപ്പാക്കിയശേഷമായിരുന്നു ഭീകരാക്രമണം നടത്തിയതെന്നും ചാനല്‍ വെളിപ്പെടുത്തുന്നു. വെളിപ്പെടുത്തല്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറി സമ്മതിച്ചിട്ടുമുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യസുരക്ഷ എത്രമാത്രം അപകടത്തില്‍ ആയിരുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ് ടൈംസ് നൗവിന്റെ വാര്‍ത്ത.
ഭാരത-പാക് ബന്ധത്തില്‍ ആത്മവിശ്വാസം ജനിപ്പിക്കാനെന്ന പേരില്‍ ഉദ്യോഗസ്ഥരെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ അവധിക്കാല സന്ദര്‍ശനത്തിന് എത്തിക്കാന്‍ വേണ്ടി ഭാരത പാക് ചര്‍ച്ച നീട്ടിവയ്‌പ്പിച്ചുവെന്നും ചാനല്‍ വെളിപ്പെടുത്തുന്നു. ഭീകരാക്രമണം നടത്തുന്നതില്‍ പാക്കിസ്ഥാനുള്ള നിര്‍ണ്ണാകയമായ പങ്കും ഇതിലൂടെ വെളിപ്പെടുകയാണ്. തന്ത്രപരമായ നീക്കം വഴി, ഭീകരാക്രമണം നടക്കുന്ന സമയത്ത് തന്ത്രപ്രധാനമായ കണ്‍ട്രോള്‍ റൂമില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ആരുമില്ലായിരുന്നുവെന്ന് ഇങ്ങനെ പാക്കിസ്ഥാന്‍ ഉറപ്പാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
















