കണ്ണൂര്‍: പുതിയ പാസ് നല്‍കുന്നതുവരെ പഴയ പാസ് ഉപയോഗിച്ച് യാത്രചെയ്യുവാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശത്തെ നിഷേധിക്കുന്ന ബസ് ജീനവക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ജില്ലാ കലക്ടര്‍ ഇടപെടണമെന്ന് പാരലല്‍ കോളേജ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. കലക്ടര്‍ ചെയര്‍മാനായുള്ള സ്റ്റുഡന്‍സ് ട്രാവല്‍സ് ഫെസിലിറ്റി യോഗ തിരുമാനം ലംഘിച്ച് വിദ്യാര്‍ത്ഥികളില്‍നിന്ന് മുഴുവന്‍ ചാര്‍ജ്ജും ഈടാക്കുന്ന സാഹചര്യം പ്രതിഷേധാര്‍ഹമാണെന്നും യോഗം കുറ്റപ്പെടുത്തി. പുതിയ ബസ് പാസ് നല്‍കുന്നതിനുള്ള നടപടി എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ.എന്‍.രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് രാജേഷ് പാലങ്ങാട്ട്, കെ.പി.ജയപാലന്‍, സി.അനില്‍കുമാര്‍, യു.നാരായണന്‍, കെ.പ്രകാശന്‍, ടി.വി.രവീന്ദ്രന്‍, ബിന്ദു സജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
















