ആലപ്പുഴ: തിരമാലകള്‍ അടിച്ചുതകര്‍ത്തത് ബാബുവിന്റെ ജീവിതം. കഴിഞ്ഞ എട്ടിന് വാടയ്‌ക്കല്‍ ഷണ്മുഖവിലാസം കരയോഗത്തിനു സമീപം എഞ്ചിന്‍ തകരാറിലായതിനെത്തുടര്‍ന്ന് നങ്കൂരമിട്ട വള്ളിക്കാവ് കോട്ടയ്‌ക്കപുറം ബാലുഭവനത്തില്‍ ബാബുവിന്റെ മത്സ്യബന്ധന ബോട്ട് കൂറ്റന്‍ തിരമാലകള്‍ അടിച്ചു തകര്‍ത്തത് ഇദ്ദേഹത്തിന്റെ ജീവിതം കൂടിയാണ്. ബോട്ടിലെ സ്രാങ്കായി ജോലി നോക്കിയിരുന്ന ബാബു 40ലക്ഷം രൂപ നല്‍കിയാണ് തന്റെ ബന്ധുവില്‍ നിന്നു ബോട്ടു വാങ്ങിയത്. ഇതിനായി വസ്തുവും വീടും എച്ച്ഡിഎഫ്‌സി ബാങ്കില്‍ പണയപ്പെടുത്തി. ഒരു മാസമേ ആയുള്ളൂ ബോട്ട് വാങ്ങിയിട്ട്. പണി കുറവായതിനാല്‍ കഴിഞ്ഞ ഇരുപതു ദിവസമായി കടലില്‍ പോയിട്ടില്ല. ബാങ്ക് വായ്‌പ അടയ്‌ക്കാന്‍ വിഷമിച്ചിരിക്കുമ്പോഴാണ് തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്ന് ബാബുവിന് വിളി വരുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനസിന്റെ പുന്നപ്ര മുതല്‍ ആലപ്പുഴ കടല്‍പ്പാലം വരെയുള്ള ഭാഗത്ത് നടക്കുന്ന സര്‍വ്വേയില്‍ ഉദ്യോഗസ്ഥരെ കൊണ്ടുപോകാന്‍ ബോട്ടുമായി എത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഫോണ്‍. ഇതനുസരിച്ച് ബാബുവും കോട്ടയ്‌ക്കപുറം കൂമാറും പറയക്കടവ് സ്വദേശി ഗിരീഷും ബോട്ടുമായി എത്തി ഉദ്യോഗസ്ഥരെയും കൊണ്ട് സര്‍വ്വേയ്‌ക്കുപോയി. സര്‍വ്വേ കഴിഞ്ഞ് ഇവര്‍ എട്ടിന് വൈകിട്ട് തിരികെ മടങ്ങുമ്പോഴാണ് വാടയ്‌ക്കല്‍ ഭാഗത്ത് ബോട്ടിന്റെ എഞ്ചിന്‍ തകരാറിലായത്. ശക്തമായ കടല്‍ക്ഷോഭമുള്ളതിനാല്‍ ബോട്ട് കരയ്‌ക്കടുപ്പിക്കാന്‍ കഴിയാത്ത അവസ്ഥയായി. തുര്‍ന്ന് ബോട്ട് നങ്കൂരമിട്ടശേഷം കയിലേക്ക് സന്ദേശമയച്ചു. എന്നാല്‍ കരയില്‍ നിന്ന് ബോട്ട് എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ കടലില്‍ ഈ സമയമുണ്ടായിരുന്ന ബോട്ടുകല്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും അവര്‍ റോപ്പുപയോഗിച്ച് മൂവരെയും രക്ഷപ്പെടുത്തുകയുമായിരുന്നു. വ്യാഴാഴ്ച രാത്രിവരെ ബോട്ട് നങ്കൂരമിട്ട നിലയിലുണ്ടായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് കൂറ്റന്‍ തിരമാല ബാബുവിന്റെ ബോട്ട് തകര്‍ത്തത്. ബോട്ടു തകര്‍ന്നതോടെ ബാബുവിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ബാങ്കുവായ്‌പ അടയ്‌ക്കണം. നിത്യചെലവുകള്‍ നടത്തണം. കുടുംബം പട്ടിണിയിലേക്ക് വഴുതി വീഴുന്ന ദുരവസ്ഥയ്‌ക്കു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ബാബു.
















