മുംബൈ: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചലച്ചിത്രങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സ്ഥാപനമാണെന്നും അവ സെന്‍സര്‍ ചെയ്യേണ്ടെന്നും മുംബൈ ഹൈക്കോടതി. ഉഡ്താ പഞ്ചാബ് എന്ന ചിത്രത്തിലെ 80ലേറെ രംഗങ്ങള്‍ നീക്കിയതിന് എതിരെ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. കേസില്‍ 13ന് കോടതി വിധി പറയും. 17നാണ് റിലീസിങ് തീയതി.
ശക്തമായ ഉള്ളടക്കവും കഥയും ഉള്ള ചിത്രങ്ങള്‍ മാത്രമേ ഇക്കാലത്ത് നന്നായി ഓടൂ. അതിനാല്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് അധിക നിരൂപണം നടത്തേണ്ട. കോടതി പറഞ്ഞു. പഞ്ചാബെന്ന പരാമര്‍ശങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കിയതിനെയും കോടതി വിമര്‍ശിച്ചു. സംവിധായകര്‍ക്ക് വിമര്‍ശിക്കാന്‍ അവകാശമുണ്ട്. സ്ഥലങ്ങളെ മാത്രമല്ല വ്യക്തികളെയും. ഓരോ സംഭാഷണത്തില്‍ നിന്നും രംഗത്തില്‍ നിന്നും പഞ്ചാബെന്ന പേര് നീക്കിയത് ചിത്രത്തിന്റെ കാമ്പിനെ തന്നെ ബാധിക്കും. സംവിധായകന്‍ ഏതെങ്കിലും സ്ഥലത്തെയോ വ്യക്തിയേയോ ആണ് നിരൂപിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നതെങ്കില്‍ പേര് കാണിക്കേണ്ടിവരും. ജസ്റ്റീസുമാരായ എസ്‌സി ധര്‍മ്മാധികാരി, ശാലിനി ഫന്‍സാല്‍ക്കര്‍ ജോഷി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പഞ്ചാബെന്ന സംസ്ഥാനത്തെയോ അവിടുത്തെ ജനങ്ങളേയോ അപകീര്‍ത്തിപ്പെടുത്താനല്ല ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജഡ്ജിമാര്‍ പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗത്തെ മഹത്വവല്‍ക്കരിനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെങ്കില്‍ സെന്‍സര്‍ ചെയ്ത് പല രംഗങ്ങള്‍ നീക്കുന്നതിനു പകരം ചിത്രം തന്നെ നിരോധിക്കുകയാണ് വേണ്ടത്. കോടതി വ്യക്തമാക്കി. അശ്ലീല വാക്കുകള്‍ വെട്ടിമാറ്റുന്നതിനെയും കോടതി വിമര്‍ശിച്ചു. ഇന്നത്തെ തലമുറ പക്വതയുള്ളവരാണ്, തുറന്ന മനസുള്ളവരാണ്.ഇത്തരം വാക്കുകള്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് ചിത്രം ഒാടില്ല. ചിത്രം കാണണമോയെന്ന് ജനം തീരുമാനിക്കട്ടെ. കോടതി പറഞ്ഞു. ജനക്കൂട്ടത്തിനു മുന്‍പില്‍ വേദിയില്‍ വച്ച് ഷാഹിദ് കപൂര്‍ മൂത്രമൊഴിക്കുന്ന രംഗമുണ്ട്. ഇത് വെട്ടിക്കളയാമെന്ന് സംവിധായകന്‍ കോടതിയില്‍ പറഞ്ഞു. അസഭ്യവാക്കുകള്‍ വരുന്ന സ്ഥലത്ത് ഇത്തരം വാക്കുകളെ തങ്ങള്‍ അംഗീകരിക്കില്ലെന്ന് എഴുതിക്കാണിക്കാമെന്നും അവര്‍ കോടതിയില്‍ പറഞ്ഞു.
















