ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ ബാബാ രാംദേവിന്റെ പതഞ്ജലി യോഗപീഠിന്റെ ആയിരം കോടി രൂപയുടെ വന്‍ പദ്ധതി വരുന്നു. ദല്‍ഹി-ആഗ്ര യമുന എക്‌സ്പ്രസ് വേയുടെ സമീപത്താണ് പദ്ധതിക്കായി 750 ഏക്കര്‍ സ്ഥലം പരിശോധിക്കുന്നത്. യമുന എക്‌സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് അതോറിറ്റിയുടെ കൈവശമുള്ള സ്ഥലം കൈമാറുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നടത്തുകയാണ്.
400 ഏക്കറില്‍ നാച്ചുറോപ്പതി സെന്റര്‍, 300 ഏക്കറില്‍ വ്യാവസായിക യൂണിറ്റ്, 50 ഏക്കറില്‍ അന്താരാഷ്‌ട്ര നിലവാരമുള്ള സര്‍വ്വകലാശാല എന്നിവയാണ് പതഞ്ജലി ലക്ഷ്യമിടുന്നത്. അടുത്ത അഞ്ചുവര്‍ഷത്തിനകം ഇവയെല്ലാം യാഥാര്‍ത്ഥ്യമാകും. ഭാരതീയ-പാശ്ചാത്യ വിദ്യാഭ്യാസ രീതികളുടെ സമന്വയത്തിലൂടെയുള്ള വിദ്യാഭ്യാസ സമ്പ്രദായമായിരിക്കും സര്‍വ്വകലാശാലയില്‍ നടപ്പാക്കുന്നത്.
പതഞ്ജലിയുടെ വന്‍ പദ്ധതിക്കായി ഭൂമി അനുവദിച്ചുകൊണ്ട് ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് യമുന എക്‌സ്പ്രസ് വേ അതോറിറ്റി സിഇഒ അരുണ്‍ വീര്‍സിങ് പ്രതികരിച്ചു. ഒരു സ്‌ക്വയര്‍ മീറ്റര്‍ ഭൂമിക്ക് 4000 രൂപയെന്ന നിരക്കിലാകും ഭൂമി പതഞ്ജലിക്ക് കൈമാറുക. നിലവില്‍ ഇലക്ട്രോണിക് ഉല്‍പ്പാദകര്‍ക്കായി 100 ഏക്കര്‍ സ്ഥലം യമുന എക്‌സ്പ്രസ് വേ അതോറിറ്റി കൈമാറിയിട്ടുണ്ട്. പദ്ധതിയുമായി മുന്നോട്ടുപോകുകയാണെന്ന് പതഞ്ജലി വക്താവ് എസ്.കെ തിജരവാലയും പ്രതികരിച്ചിട്ടുണ്ട്.
















