കണ്ണൂര്‍: സ്‌പെഷല്‍ മാര്യേജ് ആക്ട് സംസ്ഥാന ഭേദഗതി ഉടന്‍ നടപ്പിലാക്കണമെന്ന് മിശ്രവിവാഹ കുടുംബ കൂട്ടായ്‌മ ആവശ്യപ്പെട്ടു. വിദേശ പൗരന്‍മാരും ഇന്ത്യന്‍പൗരന്മാരും തമ്മിലുള്ള വിവാഹത്തിന് സ്‌പെഷല്‍ മാര്യേജ് ആക്ട് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. വിദേശികളുടെ സിംഗിള്‍ സ്റ്റാറ്റസ് (വിവാഹം നടന്നതാണോ അല്ലയോ എന്ന്) ഉറപ്പുവരുത്താനാവാത്ത സാഹചര്യം മൂലമുണ്ടാകുന്ന ആശങ്ക നിലനില്‍ക്കുന്നു. ഈ വിഷയം സംസ്ഥാന നിമയ പരിഷ്‌കാര കമ്മീഷന്‍ പരിഗണിക്കുകയും വിദേശ പൗരന്മാരുമായുള്ള വിവാഹം സ്‌പേഷല്‍ മാര്യേജ് ആക്ട് പ്രകാരം കേരളത്തില്‍വെച്ച് ചട്ടങ്ങള്‍ അനുസരിച്ച് നടത്തുന്നതിന് അനുവാദം നല്‍കാനുദ്ദേശിച്ചുകൊണ്ട് സംസ്ഥാന നിയമ പരിഷ്‌കാര കമ്മീഷന്‍ തയ്യാറാക്കിയ 2012ലെ പ്രത്യേക വിവാഹ (കേരള ഭേദഗതി) കരട് ബില്ലിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും പ്രസ്തുത ബില്‍ 13-ാം കേരളനിയമസഭയുടെ ബില്‍ നമ്പര്‍ 80 ആയി പ്രസിദ്ധീകരിക്കുകയും ചെയ്തു. ബില്‍ ഇപ്പോള്‍ സംസ്ഥാന നിയമസഭയുടെ പരിഗണനിയിലുമാണ്. ആയത് നിയമമാക്കുന്നതുവരെ മേല്‍ പറഞ്ഞ കാരണങ്ങളാല്‍ വിദേശ പൗരന്മാര്‍ ഉള്‍പ്പെട്ട പ്രത്യേക വിവാഹങ്ങള്‍ നടത്താനാകാത്ത സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ട് ഇത്തരം പ്രത്യേക വിവാഹം നടത്താന്‍ സാധിക്കുന്നില്ല. ആയതിനാല്‍ പ്രസ്തുത ഭേദഗതി ഉടന്‍ നിയമമാക്കി പ്രാബല്യത്തില്‍ വരുത്തണമെന്ന് മിശ്രവിവാഹ കുടുംബ കൂട്ടായ്‌മ കണ്ണൂര്‍ ജില്ലാസെക്രട്ടറി എ.ജയന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
















