മഥുര: ഉത്തര്‍ പ്രദേശിലെ മഥുര ജവഹര്‍ബാഗിലെ പോലീസ് നടപടികള്‍ക്കും 29 പേര്‍ മരിക്കാനിടയായ അനിഷ്ടസംഭവങ്ങള്‍ക്കും ഇടയായത് സമാജ്‌വാദി സര്‍ക്കരിന്റെ പിടിപ്പുകേടും അലംഭാവവും മൂലം. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനുയായികള്‍ എന്ന് സ്വയംവിശേഷിപ്പിക്കുന്ന സ്വാധീന്‍ ഭാരത് സുഭാഷ് സേന 2014ലാണ് ജവഹര്‍ബാഗിലെ 270 ഏക്കര്‍ സ്ഥലം കൈയേറിയത്.
2,500 മുതല്‍ 4,000 വരെ പേരുണ്ടായിരുന്നു ഇവര്‍. 270 ഏക്കറോളം വരുന്ന പൊതുസ്ഥലം കൈയേറിയിട്ടും കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുവാന്‍ സമാജ്‌വാദി സര്‍ക്കാര്‍ തയാറായില്ല. ഇതാണ് പ്രശ്‌നങ്ങള്‍ വഷളാക്കുവാന്‍ കാരണം. കൈയേറ്റം നടന്നപ്പോള്‍ തന്നെ ഒഴിപ്പിക്കള്‍ നടപടികള്‍ കൈകൊണ്ടിരുന്നെങ്കില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രദേശവാസികളെ ഇവര്‍ അവഹേളിക്കുന്നതിനെതിരെ നാട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേമാസം തന്നെ കൈയേറ്റസ്ഥലത്ത് നിന്നും ഇവരെ ഒഴിപ്പിക്കുവാന്‍ കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. വേണ്ടത്ര പോലീസുകാര്‍ ഇല്ലെന്ന പേരിലും പഞ്ചായത്ത് തെരഞ്ഞെടുപ്പ് മഥുരയുടെ വിവിധഭാഗങ്ങളില്‍ നടക്കുന്നതിനാലും ജവഹാര്‍ബാഗിലെ കൈയേറ്റത്തിനെതിരെ നടപടിയെടുക്കുവാന്‍ പോലീസ് തയാറായില്ല. എന്നാല്‍, കാര്യങ്ങള്‍ പോലീസിന്റെ പരിധിക്കപ്പുറത്തേക്ക് വഷളായിക്കൊണ്ടിരിക്കുകയായിരുന്നു.
ജനുവരിയില്‍ വീണ്ടും കോടതി ഇടപ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് ഉത്തര്‍പ്രദേശ് ആഭ്യന്തര സെക്രട്ടറിയോട് 1,800 പോലീസുകാര്‍, 200 വനിതാ പോലീസുകാര്‍, പത്ത് കമ്പനി റാപ്പിഡ് ആക്ഷന്‍ഫോഴ്‌സ്, രണ്ടു കമ്പനി വനിതാ ആര്‍എഎഫ് എന്നിങ്ങനെ വേണമെന്നാവശ്യപ്പെട്ട് കത്തെഴുതി.
പോലീസ് സേനയിലെ വിശ്വാസം മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ ഇടപ്പെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തിക്കുമെന്നായിരുന്നു. എന്നാല്‍, ഇത്തരത്തിലുള്ള ആത്മാര്‍ഥമായ ഒരു ശ്രമവും ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയുടെയോ സംസ്ഥാന സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്നുണ്ടായില്ലായെന്നതാണ് ഏറ്റവും വിചിത്രമായ കാര്യം.
ജവഹര്‍ബാഗിലെ 270 ഏക്കര്‍സ്ഥലത്ത് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിച്ച് കുട്ടകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിശീലനം നല്‍കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ ഉറക്കം നടിച്ചിരിക്കുകയായിരുന്നു. അവസാനം അലഹബാദ് ഹൈക്കോടതിയുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായപ്പോഴാണ് ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍ തയാറായത്. ഇതാകട്ടെ വലിയൊരു ദുരന്തത്തിന് ഇടവരുത്തുകയും ചെയ്യുകയായിരുന്നു. പോലീസുകാര്‍ ഉള്‍പ്പെടെ 29 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
വിമര്‍ശനം കാര്യമറിയാതെ: ഹേമമാലിനി
മഥുര: മഥുരയിലെ സംഘര്‍ഷ സംഭവങ്ങളില്‍ കാര്യമറിയാതെ ചിലരും ചില മാധ്യമങ്ങളും വിമര്‍ശനം നടത്തുകയാണെന്ന് സ്ഥലത്തെ ബിജെപി എംപിയും പ്രമുഖ നടിയുമായ ഹേമ മാലിനി പറഞ്ഞു. സംഭവത്തിനു കാരണക്കാര്‍ സംസ്ഥാന ഭരണകൂടവും ചില രാഷ്‌ട്രീയക്കാരുമാണ്. രണ്ടു മാസം മുമ്പ് ഈ കൈയേറ്റത്തെക്കുറിച്ചും അവരെ ഒഴിപ്പിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും ജില്ലാ മജിസ്‌ട്രേറ്റുമായി ചര്‍ച്ച നടത്തിയതാണെന്നും ഹേമ പറഞ്ഞു.
സംഭവം അറിഞ്ഞയുടന്‍ ഞാന്‍ സ്ഥലത്തെത്തി ഉദ്യോഗസ്ഥരേയും പരിക്കേറ്റവരേയും കണ്ടു. അക്രമം റിപ്പോര്‍ട്ടു ചെയ്യുന്നതിനും കുറ്റക്കാരെ തുറന്നുകാട്ടുന്നതിനും പകരം ചിലര്‍ എന്നെയും മണ്ഡലത്തിലെന്റെ പ്രവര്‍ത്തനത്തേയും വിമര്‍ശിക്കാനാണ് അവസരം വിനിയോഗിച്ചത്. മാധ്യമങ്ങള്‍ ചെയ്യേണ്ടത് ഈ സംഭവത്തിനു പിന്നിലെ കുറ്റക്കാരെ പുറത്തുകൊണ്ടുവരികയാണ്. മഥുരയിലും വൃന്ദാവനത്തിലും എംപിയെന്ന നിലയില്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ സമയം ചെലവിട്ടിട്ടുണ്ടെന്നും ഹേമ മാലിനി പറഞ്ഞു.
















