മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം എന്ന് ഉപമാലങ്കാരത്തിന് ഉദാഹരണം പഠിയ്‌ക്കാത്തവര്‍ കുറവാണ്. എന്നുവെച്ച് ഒരിക്കലും ഒരു മന്നവേന്ദ്രന്റെ മുഖവും ചന്ദ്രനാകില്ല, ചന്ദ്രനെപ്പോലെ പോലും ആകില്ല. പക്ഷേ, ചില ഗുണങ്ങള്‍കൊണ്ട് സമാനമാണെന്നു തോന്നിപ്പിയ്‌ക്കും, അല്ലെങ്കില്‍ രാജാവിന്റെ മുഖം ചന്ദ്രനെ ഓര്‍മ്മിപ്പിയ്‌ക്കും. അവിടെത്തീരുന്നു അവ തമ്മിലുള്ള സമാനതകളും.
കേരളത്തിലെ പുതിയ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രീതികള്‍ ഉണ്ടെന്ന് ചിലര്‍ക്കെങ്കിലും തോന്നുന്നത് ഈ ‘പോലെ’യിലെ വിദൂര സാമ്യങ്ങളാണ്. പക്ഷേ, രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്. ചില മികച്ച വസ്തുക്കള്‍ക്ക് ചൈനാ മോഡല്‍ ഇറങ്ങുമല്ലോ. ഉപയോഗത്തിലും മാറ്റുരയ്‌ക്കലിലുമേ ആ പൂച്ചു പുറത്തുവരൂ. രണ്ടുവര്‍ഷത്തെ പ്രധാനമന്ത്രിയേയും പന്ത്രണ്ടു ദിവസത്തെ മുഖ്യമന്ത്രിയേയും തമ്മില്‍ താരതമ്യം ചെയ്യാനാവില്ലെങ്കിലും ചില ലാക്കും പോക്കും കാണുമ്പോള്‍ ബാക്കി ഏറെക്കുറേ ഊഹിക്കാനാകും.
നരേന്ദ്ര മോദിയെ, പ്രധാനമന്ത്രിയായതു മുതല്‍ എത്രവേഗമാണ് ഒരു ലോകനേതാവും ലോക ജേതാവുമായതെന്നു, വിലയിരുത്തിയാല്‍ അമ്പരന്നു പോകും. ഒരു രാജ്യത്തും ഒരു ഭരണാധികാരിയ്‌ക്കും ഇതുവരെ സാധിയ്‌ക്കാത്തത്ര വേഗത്തില്‍ മോദി വളര്‍ന്നു. ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്ന മോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയായി മാറിയത് നിമിഷങ്ങള്‍കൊണ്ടാണ്. അത് ജനങ്ങള്‍ക്കു ബോധ്യപ്പെടുത്തിക്കൊടുക്കാനും ലോകത്തെക്കൊണ്ട് അംഗീകരിപ്പിക്കാനുമായി. എതിരാളികള്‍പോലും മോദിയുടെ പ്രതിനിമിഷമുള്ള വളര്‍ച്ച തലകുലുക്കി സമ്മതിച്ചു. പിണറായിയെപ്പോലുള്ള കടുത്ത എതിരാളികള്‍ പോലും ആ വ്യക്തിത്വത്താല്‍ സ്വാധീനിയ്‌ക്കപ്പെട്ടു. അതുകൊണ്ടാണല്ലോ പ്രവൃത്തിയില്‍ പിണായി മോദിയെ അനുകരിയ്‌ക്കുന്നുവെന്ന് ആളുകള്‍ പറയുന്നത്.
പക്ഷേ, പിണറായി വിജയന്‍ എന്ന പാര്‍ട്ടിയുടെ മുന്‍ സെക്രട്ടറി ഇപ്പോഴും, ഇത്ര ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയായിട്ടില്ല എന്നതാണ് വാസ്തവം. എതിര്‍ പാര്‍ട്ടിക്കാര്‍ക്കും സ്വന്തം മുന്നണിക്കാര്‍ക്കും മുന്നറിയിപ്പും ശാസനയും നല്‍കാനും പ്രതിയോഗികളെ വിരട്ടാനും ഒതുക്കാനും കീഴടക്കാനും സ്വന്തം പിണിയാളുകള്‍ക്ക് വീറേറ്റാനും തയ്യാറാകുന്നതു കാണുമ്പോള്‍ മുഖ്യമന്ത്രിയാകാന്‍ ഇനിയും കാലമെടുക്കുമെന്നുതന്നെ വേണം കരുതാന്‍. കാരണം, 91 സീറ്റെന്ന വിജയം വിജയനുണ്ടെങ്കിലും അത് അഞ്ചുവര്‍ഷത്തിനപ്പുറം സുരക്ഷിതമായ ഒന്നല്ലെന്ന് നല്ല വിശ്വാസമുണ്ട് അദ്ദേഹത്തിന് എന്നുവേണം മനസ്സിലാക്കാന്‍. ഒരുതരം അരക്ഷിത ബോധം; അതുണ്ടാക്കുന്ന ദിശാബോധത്തിലെ കൃത്യതയില്ലായ്‌മ.
അണക്കെട്ടും അതിരപ്പിള്ളിയുമാണോ പുതിയ സംസ്ഥാനത്തിന്റെ ആദ്യ അജണ്ടയാകേണ്ടത്. സംശയമാണ്, അതിനും മുമ്പേ പരിഹരിയ്‌ക്കേണ്ട എന്തെല്ലാം പ്രശ്‌നങ്ങള്‍. ഇനിയിപ്പോള്‍ മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്കു വരുന്നുവെന്നു വെക്കുക. ഒരു മുഖ്യമന്ത്രിയ്‌ക്ക് ചേരുന്ന വിധത്തിലാണോ ആ വിഷയങ്ങള്‍ കൈകാര്യം ചെയ്തത്. മുന്നണിയിലെ മറ്റൊരുപാര്‍ട്ടി നേതാവിന് ഉരുളയ്‌ക്കുപ്പേരി പോലെ മറുപടി പറയുക, തര്‍ക്കുത്തരമെന്നു വ്യാഖ്യാനിയ്‌ക്കപ്പെടാവുന്ന ഭാഷയില്‍ വിശദീകരിയ്‌ക്കുക തുടങ്ങിയവ കാര്യങ്ങള്‍ നേരേ ചൊവ്വേ പോകണമെന്നു കരുതുന്ന ഒരു മുഖ്യമന്ത്രിയുടെ അജണ്ടയാകരുതല്ലോ.
നേര്‍ക്കുനേര്‍ തോക്കുമേന്തി നില്‍ക്കുന്ന പാക്കിസ്ഥാനും ചൈനയും പോലുള്ള അയല്‍ രാജ്യങ്ങളുമായി എല്ലാം മറന്നു സൗഹാര്‍ദ്ദത്തിനു ശ്രമിക്കുന്ന, അതിനു പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെവിടെ, സ്വന്തം മണ്ഡലത്തില്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പു വിജയമാഘോഷിക്കാന്‍ അയല്‍ക്കാരുടെ തലകൊയ്യുന്ന സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ വിലക്കാതിരിക്കുകയും പ്രോത്സാഹിപ്പിയ്‌ക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെവിടെ. ചെന്നായ്‌ക്ക് എത്ര രോമക്കമ്പിളി പുതച്ചായും ചെമ്മരിയാടാകാന്‍ കഴിയില്ലല്ലോ. എന്തിനേറെ പറയുന്നു, ഒരു ഭരണാധികാരിയുടെ മാനസികാവസ്ഥ വെളിപ്പെടുത്തുന്ന ആ പ്രസ്താവനയുണ്ടല്ലോ, സംഹാരമൂര്‍ത്തിയാകാന്‍ ഇല്ല എന്നപ്രസ്താവന. മുഖ്യമന്ത്രിയും അധികാരവും അതിനുള്ളതാണെന്നും അതിനുകഴിയുമെന്നും പക്ഷേ, അതിനില്ലെന്നുമുള്ള ആ മനോഭാവം. അതുതന്നെ കാര്യങ്ങള്‍ പറയാതെ പറയുന്നു.
പന്ത്രണ്ടു ദിവസംകൊണ്ട് പിണറായി സര്‍ക്കാര്‍ (ഇടതുപക്ഷ സര്‍ക്കാരല്ല, പിണറായി വിജയന്‍ സര്‍ക്കാര്‍ എന്നാണ് അവകാശവാദം) ചെയ്തത് എന്തെല്ലാമെന്ന് വിശദീകരിക്കേണ്ടതില്ല, ഒരുപാടു ചെയ്തു. അതിലേറെപ്പറഞ്ഞു. പറഞ്ഞെതെല്ലാം കുഴഞ്ഞു. മുഖ്യമന്ത്രി ഇപ്പോഴും വൈദ്യുതി മന്ത്രിയുടെ ശരീരത്തില്‍ കുടുങ്ങിക്കിടക്കുന്നു. മുഖ്യമന്ത്രിയായിട്ടും പാര്‍ട്ടി സെക്രട്ടറിയുടെ ഉടുപ്പില്‍ നിന്നിറങ്ങിയിട്ടുമില്ല എന്നതാണ് പിണറായിയുടെ സ്ഥിതി.
മുഖ്യമന്ത്രിയും കൂട്ടരും പ്രധാനമന്ത്രിയുടെ കേരളത്തിലെ പ്രസംഗങ്ങള്‍ ഓര്‍മ്മിക്കുന്നുണ്ടാവും, അതില്‍ പക്ഷേ സോമാലിയയെക്കുറിച്ച് പറയാത്തതേ സ്മരണയിലുണ്ടാവൂ. പക്ഷേ, കേരളത്തില്‍ ഭരണം മാറുമ്പോള്‍ പാര്‍ട്ടി നോക്കി സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരെ ഭരണത്തില്‍നിന്നകറ്റി നിര്‍ത്തുന്നുവെന്ന കാര്യം ഞെട്ടിയ്‌ക്കുന്നുവെന്നു പ്രധാനമന്ത്രി പ്രസ്താവിച്ചത് ശ്രദ്ധിച്ചിട്ടുണ്ടാവണം. എല്ലാം ശരിയാക്കുമെന്നുറപ്പു നല്‍കിയ, എല്ലാം മാറ്റിമറിയ്‌ക്കാന്‍ ഇറങ്ങിയിരിയ്‌ക്കുന്ന പുതിയ മുഖ്യമന്ത്രിയ്‌ക്ക് ഞാന്‍ അങ്ങനെയല്ലെന്നു നെഞ്ചില്‍ കൈവെച്ചു പറയാനാവുമോ. എങ്ങനെ സാധിയ്‌ക്കും, ജീവിക്കുന്ന രക്തസാക്ഷിയായി ടി. പി. സെന്‍കുമാര്‍ ഉണ്ടല്ലോ.
അത് അവിടെ നില്‍ക്കട്ടെ, പിണറായിയുടെ 12 നെക്കുറിച്ചു പറഞ്ഞപ്പോള്‍ മോദി സര്‍ക്കാറിന്റ രണ്ടു വര്‍ഷത്തെക്കുറിച്ച് ഇതുകൂടി പറയട്ടെ.
രണ്ടുവര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതം ഭരിയ്‌ക്കുകയായിരുന്നു. വമ്പിച്ച ജനപിന്തുണ നേടി അധികാരത്തിലെത്തി ഭരണം തുടങ്ങിയ സര്‍ക്കാരിനെ പക്ഷേ ഇക്കഴിഞ്ഞ 730 ദിവസവും 300-ല്‍ അധികം വരുന്ന ടെലിവിഷന്‍ ചാനലുകളും ലക്ഷത്തിലേറെ വരുന്ന വവിധ അച്ചടി-ഓണ്‍ലൈന്‍ മാധ്യമങ്ങളും വിമര്‍ശിക്കുക മാത്രമായിരുന്നു. ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നായ മാധ്യമങ്ങള്‍ക്ക് വിമര്‍ശനം മാത്രമാണ് ധര്‍മ്മമെന്നും കര്‍മ്മമെന്നും ധരിച്ചു വശായ കാലമാണല്ലോ ഇത്. രണ്ടു വര്‍ഷത്തിനിടെ സര്‍ക്കാര്‍ ചെയ്ത ഒരു നല്ലകാര്യവും അവരില്‍ ഭൂരിഭാഗവും കണ്ടില്ല. കണ്ടവരില്‍ പലരും പ്രകീര്‍ത്തിച്ചില്ല. അവരില്‍ പലരും തെറ്റായി പ്രചരിപ്പിച്ചു. മാധ്യമങ്ങള്‍ രണ്ടു വര്‍ഷം ഇത്രമാത്രം എതിര്‍ക്കുമാത്രം ചെയ്ത ഒരു കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും ഇക്കാലത്തിനിടെ ഉണ്ടായിട്ടില്ല.
മാധ്യമങ്ങള്‍ക്ക് ജനങ്ങളെ വായിപ്പിക്കുകയും കാണിക്കുകയും ചെയ്യണമെങ്കില്‍ എതിര്‍വാര്‍ത്തകള്‍ വേണമെന്നത് തെറ്റാണെന്ന് അവര്‍ക്കുതന്നെ അറിയാം. കാരണം, ടെലിവിഷനുകളില്‍ ടിആര്‍പി റേറ്റിങ്ങിന്റെ കണക്ക് മറ്റു പല പരിപാടികളേയുംകാള്‍ പ്രധാനമന്ത്രി മോദിയുടെ പരിപാടികള്‍ക്ക് കിട്ടിയതായി വിവിധ ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ ബിസിനസ് മുറികളില്‍നിന്ന് അറിയാന്‍ കഴിയുന്നു. സര്‍ക്കാരിനെ എതിര്‍ത്തുകൊണ്ടുള്ള ഏകപക്ഷീയ വാര്‍ത്തകളേക്കാള്‍ വിവിധ വശങ്ങള്‍ ചര്‍ച്ചചെയ്യുന്ന പരിപാടികള്‍ക്കാണ് കൂടുതല്‍ പ്രേക്ഷകര്‍.
സര്‍ക്കാരിനെക്കുറിച്ചുള്ള വിമര്‍ശന വാര്‍ത്തകളേക്കാള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള വാര്‍ത്തകള്‍ക്ക് വായനക്കാരുമുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഈ സര്‍ക്കാര്‍ വിരുദ്ധപ്രചാരണവും മോദി വിമര്‍ശന പ്രലോഭനവും എന്നു ചോദിച്ചാല്‍ അതിനു മറ്റു പല കാരണങ്ങളുമുണ്ടെന്നാണ് മാധ്യമ വിശകലനക്കാരായ വിദഗ്‌ദ്ധര്‍ പറയുന്നത്. അതിനുപിന്നില്‍ ചില രാജ്യാന്തര ബാഹ്യശക്തികളുടെ ഇടപെടല്‍പോലും അവര്‍ ആരോപിക്കുന്നു. അതുമറ്റൊരു വിഷയം.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും കേരളത്തിനു പുറത്തുനിന്നുവന്ന മറ്റു ചില പ്രതിപക്ഷ രാഷ്‌ട്രീയ ദിവ്യന്മാരും പ്രസംഗിച്ചത് മോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ലെന്നാണ്. അക്കൂട്ടത്തില്‍ അവര്‍ മുഖ്യമായും ആക്ഷേപിച്ചത് വിദേശ രാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപം 100 ദിവസത്തിനകം തിരികെ കൊണ്ടുവരുമെന്നും ആ പണം പാവപ്പെട്ട ഓരോരുത്തരുടെയും പോക്കറ്റില്‍ വെച്ചുകൊടുക്കുമെന്നും പറഞ്ഞ മോദി അക്കാര്യം മറന്നുവെന്നും ജനങ്ങളെ വഞ്ചിച്ചുവെന്നുമായിരുന്നു. നരേന്ദ്ര മോദി അങ്ങനെ പറഞ്ഞിട്ടില്ലെന്നത് ഒരു വസ്തുത. അതേസമയം കള്ളപ്പണക്കാര്യത്തില്‍ ചില വലിയ കാര്യങ്ങള്‍ ചെയ്തു.
കാന്‍ബറി, സീഷെല്‍സ്, ജമൈക്ക പോലുള്ള ദ്വീപുകളിലെ രഹസ്യനിക്ഷേപങ്ങള്‍ മടക്കിക്കൊണ്ടുവരുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നതത്രെ. പക്ഷേ ഒന്നും സംഭവിച്ചില്ലേ? കണ്ണുള്ളവര്‍ക്കേ കാണാന്‍ കഴിയൂ. കള്ളപ്പണം അന്യരാജ്യത്താണ് നിക്ഷേപിച്ചിട്ടുള്ളത്. അതു കണ്ടുപിടിയ്‌ക്കരുതെന്നും കണ്ടുകെട്ടരുതെന്നും ആസൂത്രണം ചെയ്താണല്ലോ ആ നിക്ഷേപം അക്കൂട്ടര്‍ നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറെ സാങ്കേതിക-നിയമക്കുരുക്കുകള്‍ കടന്നു വേണം അക്കാര്യത്തില്‍ നടപടിയുണ്ടാകാന്‍. അതു തുടങ്ങിക്കഴിഞ്ഞു. അധികാരം കിട്ടിയാല്‍ 100 ദിവസത്തിനുള്ളില്‍ വിദേശത്തെ കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ നടപടിയെടുക്കുമെന്നാണ് പറഞ്ഞത്. അതു ചെയ്യുകയും ചെയ്തു. സ്വിസ് ബാങ്കില്‍ മാത്രമല്ല നിക്ഷേപം പലര്‍ക്കും എന്ന് പനാമാ കള്ളപ്പണ നിക്ഷേപ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നു. മാത്രമല്ല, വിദേശത്തെ കള്ളപ്പണ നിക്ഷേപത്തേക്കാള്‍ സ്വദേശത്തെ കള്ളത്തരത്തിലൂടെ പണമുണ്ടാക്കിയവരെ കണ്ടെത്തുകയും ആ വഴി അടയ്‌ക്കുകയും ചെയ്തിരിക്കുന്നു. പ്രധാനമന്ത്രിയുടെ പഞ്ചരാഷ്‌ട്ര സന്ദര്‍ശനത്തിനു ശേഷമുള്ള കൂടുതല്‍ നടപടികള്‍ക്കു നമുക്കു കാത്തിരിയ്‌ക്കാം.
*** ** ***
പിന്‍കുറിപ്പ്: ടി.പി. സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തുനിന്നു മാറ്റാന്‍ കാരണം ‘ടിപി’ എന്നു കേട്ടിട്ടാണെന്ന് ചിലര്‍ ആക്ഷേപം പറഞ്ഞു. ടി.പി. ശ്രീനിവാസനെന്ന നയതന്ത്രജ്ഞനു തല്ലുകിട്ടിയതും ചേര്‍ത്തുനോക്കുമ്പോള്‍ പാര്‍ട്ടിയുടെ ഡിഎന്‍എതന്നെ കാരണമെന്നു വ്യക്തമാകുന്നുണ്ടോ എന്നു ശങ്കിക്കണം.
















