ചണ്ഡിഗഢ്: ഹരിയാനയിലെ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ രംഗത്തും സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായക്കാര്‍ രണ്ടാം ഘട്ട പ്രക്ഷോഭം ആരംഭിച്ചു. അഖിലേന്ത്യാ ജാട്ട് ആരക്ഷണ്‍ സംഘര്‍ഷ് സമിതിയാണ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഗ്രാമകേന്ദ്രങ്ങളിലും നഗരങ്ങളിലും ധര്‍ണ നടത്താനാണ് പരിപാടി. പ്രക്ഷോഭത്തെ നേരിടാന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ സംസ്ഥാനത്ത് കന്നത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
സമരത്തിന്റെ ഭാഗമായി ഹൈവേ അടക്കമുള്ള വഴികള്‍ ഉപരോധിക്കില്ലെന്നും സമാധാനപരമായ സമരമാണ് നടത്താനുദ്ദേശിച്ചിരിക്കുന്നതെന്നു പ്രക്ഷോഭകര്‍ പറഞ്ഞു. എന്നാല്‍, ആദ്യഘട്ട പ്രക്ഷോഭത്തിനിടെയുണ്ടായ വ്യാപക അക്രമണം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ വന്‍ സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തിയത്.
പൊതുസ്ഥലങ്ങളിലും മറ്റു പ്രധാന പ്രദേശങ്ങളിലും പട്രോളിങ്ങ് നടത്തിന്നതിന് 7000ത്തോളം പേരടങ്ങിയ കേന്ദ്ര സുരക്ഷാസേന സംസ്ഥാനത്ത് എത്തി. റോത്തക്, ഛജ്ജര്‍, സോനിപ്പത്, പാനിപ്പത്, ഫത്തേബാദ്, ജിന്ദ്, കേത്തല്‍ എന്നീ ജില്ലകളില്‍ ദേശീയ പാതകളിലുള്‍പ്പെടെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ദല്‍ഹിയിലേക്ക് വെള്ളമെത്തിക്കുന്ന മുനാക്ക് കനാലിനും കേന്ദ്ര സേനയുടെ പ്രത്യേക സംരക്ഷണമുണ്ട്. ഫെബ്രവുരിയില്‍ നടന്ന ആദ്യഘട്ട പ്രക്ഷോഭത്തില്‍ വന്‍തോതിലുള്ള നാശനഷ്ടമുണ്ടായി. അന്ന് മുപ്പതോളും പേര്‍ മരിച്ചു, മുന്നൂറ് കോടി രൂപയുടെ വ്യാവസായിക നഷ്ടമുണ്ടായി.
സംവരണത്തിനൊപ്പം ആദ്യഘട്ട പ്രക്ഷോഭത്തിനിടെ നേതാക്കള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉയര്‍ത്തുന്നു. ഒന്നാംഘട്ട പ്രക്ഷോഭത്തെത്തുടര്‍ന്ന് ജാട്ട് അടക്കം മറ്റ് അഞ്ച് സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം നല്‍കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പിന്നാക്ക വിഭാഗത്തിന് പ്രത്യേകമായി സി വിഭാഗമുണ്ടാക്കി ജാട്ട് സിഖ്, ത്യാഗി, റോര്‍, ബിഷ്‌നോയ്‌സ്, മുസ്ലിം ജാട്ട് സമുദായങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, പഞ്ചാബ്-ഹരിയാന ഹൈക്കോടതി തീരുമാനം സ്റ്റേ ചെയ്തതോടെയാണ് വീണ്ടും പ്രക്ഷോഭം.
















