ന്യൂദല്‍ഹി: കാലാവസ്ഥാ പ്രവചനം സുഗമമാക്കാനും ഭൗമാന്തരീക്ഷത്തിലെ മേല്‍പ്പാളികള്‍ കൃത്യമായി മനസിലാക്കാനും കാലാവസ്ഥാ നിരീക്ഷകരെ സഹായിക്കുന്ന വിമാനം വൈകാതെ ഭാരതത്തിന് സ്വന്തമാകും. അടുത്ത ഒരു വര്‍ഷത്തിനകം ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് മന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു.
ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെറ്റീരിയോളജിയാണ് വിമാനം വാങ്ങുന്നത്.
മേഘങ്ങളുടെ നിരീക്ഷണം, മേഘങ്ങളും അന്തരീക്ഷത്തിലെ ഖരദ്രാവക മാലിന്യങ്ങളും തമ്മിലുള്ള കൂടിച്ചേരല്‍, അന്തരീക്ഷ മേല്‍പ്പാളിയിലെ വാതക പഠനം എന്നിവയെക്കുറിച്ചുള്ള പരീക്ഷണങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ട് വാങ്ങുന്ന വിമാനത്തിന് 150 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇത്തരമൊരു വിമാനം സ്വന്തമായുള്ള ചുരുക്കം ചില ലോകരാഷ്‌ട്രങ്ങളില്‍ ഒന്നാകും ഭാരതം.
കലാവസ്ഥാ നിരീക്ഷണണങ്ങള്‍ക്കായി സ്വകാര്യവിമാനങ്ങള്‍ വാടകയ്‌ക്കെടുത്താണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. വിമാനം സ്വന്തമാകുന്നതോടെ ശാസ്ത്രജ്ഞര്‍ക്ക് കൂടുതല്‍ സ്വതന്ത്രമായി പരീക്ഷണങ്ങള്‍ നടത്താം. ഇതിനാവശ്യമായ എല്ലാ സജ്ജീകരണവും, രണ്ടോ മൂന്നോ ശാസ്ത്രജ്ഞര്‍ക്ക് ഇതിനകത്ത് ജോലി ചെയ്യുന്നതിനുള്ള സൗകര്യവും വിമാനത്തിലുണ്ടാകും.
















