ചണ്ഡിഗഢ്: ഹരിയാനയിൽ ഞായറാഴ്ച ജാട്ട് സമുദായക്കാർ പ്രക്ഷോഭം ആരംഭിച്ചു. അഖിലേന്ത്യാ ജാട്ട് ആരാക്ഷന്‍ സംഘര്‍ഷ് സമിതിയാണ് രണ്ടാംഘട്ട പ്രക്ഷോഭത്തിന് ആഹ്വാനംചെയ്തത്. ഗ്രാമകേന്ദ്രങ്ങളിലും നഗരങ്ങളിലും ധര്‍ണ നടത്താനാണ് പരിപാടി.
പ്രക്ഷോഭത്തെ മുന്നിൽ കണ്ട് 55 കമ്പനി അർധസൈനിക വിഭാഗത്തെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. സമരം സമാധാനപരമായിരിക്കുമെന്ന് സമുദായ നേതാക്കള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും, ആദ്യഘട്ട പ്രക്ഷോഭത്തിനിടെയുണ്ടായ വ്യാപക അക്രമം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ വന്‍ സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തിയത്.
ക്രമസമാധാനപ്രശ്നങ്ങളുള്ള ഏഴ് ജില്ലകളില്‍ നിരോധാജ്ഞ പുറപ്പെടുവിച്ചു. നവമാധ്യമങ്ങളിൽ കൂടിയുള്ള അനവശ്യ സന്ദേശങ്ങൾ തടയാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുമെന്ന് അധികൃതര്‍ പറഞ്ഞു. സെക്രട്ടേറിയറ്റില്‍ പ്രത്യേക കലാപനിയന്ത്രണ സംവിധാനമൊരുക്കി.
ജാട്ട് സമുദായത്തിന് പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെന്നതാണ് പ്രധാന ആവശ്യം. കൂടാതെ, ഫെബ്രുവരിയില്‍ ആദ്യഘട്ട പ്രക്ഷോഭത്തിനിടെ നേതാക്കള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. ആദ്യഘട്ട പ്രക്ഷോഭത്തെതുടര്‍ന്ന് ജാട്ട് അടക്കം അഞ്ച് സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം നല്‍കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
പിന്നാക്കവിഭാഗത്തില്‍ പ്രത്യേകമായി ‘സി’ കാറ്റഗറിയുണ്ടാക്കി ജാട്ട് സിഖ്, ത്യാഗി, റോര്‍, ബിഷ്നോയ്സ്, മുസ്ലിം ജാട്ട് സമുദായങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, സംവരണ ബില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയില്ലെന്നാണ് സമുദായ നേതാക്കളുടെ പരാതി.
ഫെബ്രുവരിയില്‍ 30 പേര്‍ മരിക്കുകയും കോടികളുടെ സ്വത്തുവകകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. പ്രക്ഷോഭം ഏകോപിപ്പിക്കാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രക്ഷോഭം സമാധാനപരമായിരിക്കുമെന്ന് ജാട്ട് നേതാക്കള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു.
















