ന്യൂദല്‍ഹി: ദല്‍ഹിയിലെ പ്രമുഖ ആശുപത്രികള്‍ പലതും വൃക്ക കടത്തുകാരുടെ കൈകളില്‍. ദക്ഷിണദല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ നിന്നും വൃക്ക കടത്തുകാരായ അഞ്ചു പേരെ പോലീസ് പിടികൂടി. ആശുപത്രി ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ് പിടിയിലായത്. പ്രധാന ഡോക്ടറുടെ പേഴ്‌സണല്‍ സ്റ്റാഫുകളായ അദിത്യ സിങ്, ശൈലേഷ് സക്‌സേന, വൃക്ക കടത്ത് സംഘത്തില്‍പ്പെട്ട അസീം സിക്ദാര്‍, സത്യ പ്രകാശ്, ദേവാശിഷ് മൗലി എന്നിവരാണ് അറസ്റ്റിലായത്.
ആശുപത്രിയിലുണ്ടായ ചെറിയ വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്‌വന്നത്. കെട്ടിച്ചമച്ച രേഖകള്‍ മറയാക്കിയാണ് തട്ടിപ്പുകള്‍ പലതും നടത്തിയിരുന്നത്. വൃക്കദാനം ചെയ്യുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപയോളമാണ് കൊടുത്തിരുന്നത്. അദിത്യ, ശൈലേഷ് എന്നിവര്‍ക്കു വേണ്ടി നാല് ലക്ഷം രൂപ വരെ തുകയ്‌ക്ക് അസീം, സത്യ, ദേവാശിഷ് എന്നിവരാണ് വൃക്കദാതാക്കളുമായി കച്ചവടം ഉറപ്പിച്ചിരുന്നത്.
ഇത് 25 മുതല്‍ 30 ലക്ഷം രൂപ വരെയുള്ള വിലക്കാണ് വൃക്ക കച്ചവടം നടന്നിരുന്നത്. ആവശ്യക്കാര്‍ക്കായി അവയവങ്ങള്‍ അധികൃതര്‍ കൈമാറുന്ന സ്ഥിതിയാണ് ആശുപത്രിയില്‍ നിലനിന്നിരുന്നത്. ഇടനിലക്കാര്‍ക്ക് രണ്ട് ലക്ഷം രൂപ കമ്മീഷനായും ലഭിക്കും. സമാനരീതിയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ അഞ്ച് നിയമവിരുദ്ധ അവയവദാനങ്ങള്‍ നടന്നതായും പോലീസ് വ്യക്തമാക്കി.
വൃക്ക റാക്കറ്റിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും ആശുപത്രി ജീവനക്കാരടക്കമുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ സരിത വിഹാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കുറ്റക്കാര്‍ക്ക് നേരെ ശക്തമായ നടപടികള്‍ എടുക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഭാരതത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുമാണ് രോഗികള്‍ എത്തിയിരുന്നത്. ഭാരതത്തില്‍ നിരവധി രോഗികളാണ് വൃക്കസംബന്ധ രോഗങ്ങള്‍ അനുഭവിക്കുന്നത്.
















