ചേര്‍ത്തല: കേരളപ്പിറവിയുടെ അമ്പതാം വാര്‍ഷികത്തിന്റെ ഓര്‍മകളുമായി ആല്‍മരം. പരിസ്ഥിതി ദിനമായ ഇന്ന് പൂക്കളും മാലകളുമിട്ട് കുട്ടികള്‍ ദേശീയവൃക്ഷത്തെ ആദരിക്കും. സ്‌കൂള്‍ അങ്കണത്തിന് തണലേകി നില്‍ക്കുന്ന മരം പരിസ്ഥിതി സ്‌നേഹത്തോടൊപ്പം അദ്ധ്യാപകര്‍ക്ക് ആത്മസംതൃപ്തിയും നല്‍കുകയാണ്.
കഴിഞ്ഞ പത്ത് വര്‍ഷമായി കുട്ടികളുടെ കളികള്‍ക്കും കുസൃതികള്‍ക്കും സാക്ഷിയായി മരമുണ്ട്. പത്ത് വര്‍ഷം മുമ്പ് കേരളപ്പിറവി ദിനത്തിലാണ് കോടംതുരുത്ത് ഗവ. വിവിഎച്ച്എസ്എസിലെ അദ്ധ്യാപകനായ രാജേഷ് സ്‌കൂള്‍ മുറ്റത്ത് ആല്‍മരം നട്ടത്. സ്‌കൗട്ട് മാസ്റ്ററായ രാജേഷ് തിരുവനന്തപുരം പാലോട് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ക്യാമ്പില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി 2006 നവംബര്‍ ഒന്നിനാണ് സ്‌കൂളില്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് യൂണീറ്റിന്റെ പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. സഹപ്രവര്‍ത്തകരോടും കുട്ടികളോടുമൊപ്പം ഇതിന്റെ ഓര്‍മക്കായാണ് ദേശീയപാതയ്‌ക്കഭിമുഖമായി രണ്ട് ആല്‍മരങ്ങള്‍ നട്ടത്.
സ്‌കൗട്ട് പരിശീലത്തിനിടെവൃക്ഷത്തൈകള്‍ പരിപാലിക്കുന്നതിനും കുട്ടികള്‍ സമയം കണ്ടെത്തി. സ്‌കൂളിലെ പരിസ്ഥിതി, സ്‌കൗട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവര്‍ഷവും തുടക്കം കുറിക്കുന്നത് ആല്‍മരച്ചുവട്ടില്‍ നിന്നുമാണ്. മുന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വല്‍സ മുന്‍കൈ എടുത്ത് മരത്തിന് ചുറ്റും കരിങ്കല്‍ ഭിത്തിയും ഒരുക്കിയിരുന്നു. ഇന്ന് അദ്ധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് മരച്ചുവട്ടില്‍ വൃക്ഷപൂജ നടത്തും.
















