ന്യൂദല്‍ഹി: ആരോഗ്യ ഉപകരണങ്ങള്‍ അവശ്യ മരുന്നുകളുടെ പട്ടികയില്‍ പെടുത്തി കര്‍ശന നിലവാര പരിശോധന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സിറിഞ്ച്, സ്‌റ്റെത്ത്, ഹൃദയ വാല്‍വ്, കൃത്രിമക്കാല്‍ തുടങ്ങിയവ അടക്കം 22 ഉപകരണങ്ങളാണ് ഈ പട്ടികയിലുള്ളത്. പുതിയ നിര്‍ദ്ദേശപ്രകാരം വിപണിയില്‍ എത്തുന്നതിന് മുമ്പ് ഇവയുടെ ഗുണനിലവാരം റെഗുലേറ്ററി അതോറിറ്റി പരിശോധിച്ച് അംഗീകാരം തേടിയിരിക്കണം. സുരക്ഷയും ലഭ്യതയും വില നിയന്ത്രണണവും ഉറപ്പാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
വര്‍ഷം 47,000 കോടി രൂപയുടെ വ്യവസായം നടക്കുന്ന മേഖലയാണിത്. അതുകൊണ്ടുതന്നെ വിവിധ തരത്തിലുള്ള ചൂഷണങ്ങളും ഈ മേഖലയില്‍ നടക്കുന്നുണ്ട്. ഉപകരണങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ ഗുജറാത്തിലെ വഡോദരയില്‍ ഒരു ലബോറട്ടറി തുറക്കുവാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
ഭാരതത്തില്‍ ആദ്യമായാകും ഇത്തരമൊരു ലബോറട്ടറി. ഗുണനിലവാരം നിര്‍ണ്ണയിക്കാന്‍ മറ്റ് ഏജന്‍സികളെ ചുമതലപ്പെടുത്താനും ആലോചനയുണ്ട്.
ആരോഗ്യ ഉപകരണങ്ങളുടെ വിപണിയില്‍ വന്‍ ചൂഷണവും കബളിപ്പിക്കലും നടക്കുന്നതായി വ്യാപക പരാതികളുണ്ടായിരുന്നു. വിലയിലും നിലവാരത്തിലും നിഷ്‌കര്‍ഷയുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി യില്‍ പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്. പാര്‍ലമെന്റില്‍ പാസാക്കാനിരിക്കുന്ന ഡ്രഗ്ഗ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ബില്ലിലൂടെ അപകടസാധ്യതയുടെ അടിസ്ഥാനത്തില്‍ ഉപകരണങ്ങളെ തരംതിരിക്കാന്‍ പറയുന്നുണ്ട്.
















