ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ ആഭ്യന്തര വികസന വിദേശ നയത്തിന്റെ ഭാഗമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. മോദിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തിയെന്നും നായിഡു പറഞ്ഞു.
മോദിയുടെ വിദേശയാത്രകളെ പരിഹസിച്ച് രംഗത്തെത്തിയ പ്രതിപക്ഷത്തിനുള്ള മറുപടിയായാണ് നായിഡു ഇത്തരത്തില്‍ പ്രതികരിച്ചത്. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് 75 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
ഇതുകൊണ്ട് രാജ്യത്തിന് എന്ത് നേട്ടമാണ് ഉണ്ടായതെന്നും വെങ്കയ്യ നായിഡു ചോദിച്ചു.മോദിയുടെ പ്രവര്‍ത്തനങ്ങള്‍ അങ്ങനെയല്ലെന്നും രാജ്യത്തിന്റെ സാമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനും മറ്റുമേഖലകളിലും വളര്‍ച്ചയ്‌ക്ക് സഹായിച്ചുവെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.
ലോകത്ത് മുന്‍ നിരയിലുള്ള പത്ത് നേതാക്കളില്‍ ഒരാളാണ് മോദി. മോദിയുടെ വിദേശയാത്രകള്‍ കൊണ്ടും പ്രവര്‍ത്തനങ്ങള്‍കൊണ്ടും മറ്റും ഭാരതത്തിന് ലോകമെങ്ങും ഇപ്പോള്‍ ബഹുമാനം ലഭിക്കുകയാണ്.
ഒരു രാജ്യം കഴിഞ്ഞാല്‍ മറ്റൊരു രാജ്യം മോദിക്കു വേണ്ടി ചുവന്ന പരവതാനി വിരിക്കുന്നു. കാലാവസ്ഥ, ഭീകരവാദം തുടങ്ങി നിരവധി വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ശബ്ദം ഉയര്‍ന്നു കേട്ടുവെന്നും നായിഡു അഭിപ്രായപ്പെട്ടു.
















