വാഷിംഗ്ടൺ: കഴിഞ്ഞ വർഷം ലോകത്ത് ഉണ്ടായ ഭീകരാക്രമണങ്ങളിൽ പകുതിയിലധികവും നടന്നത് ഭാരതമുൾപ്പെടുന്ന അഞ്ച് രാജ്യങ്ങളിലെന്ന് യുഎസ് ഭീകരവാദ വിരുദ്ധ സംഘടനയുടെ റിപ്പോർട്ട്.
ഭാരതം, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സിറിയ ആഫ്രിക്കൻ രാജ്യമായ നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലാണ് കഴിഞ്ഞ വർഷമുണ്ടായ ഭീകാക്രമണങ്ങളിൽ 55 ശതമാനവും നടന്നത്. യുഎസ് ഭീകരവാദ വിരുദ്ധ സംഘടനയുടെ തലവൻ ജസ്റ്റിൻ സിബറൽ പുറത്ത് വിട്ട റിപ്പോർട്ടിൽ ഇത് വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ലോകത്താകമാനം 96 രാജ്യങ്ങളിൽ ഭീകരാക്രമണം നടന്നിട്ടുണ്ട്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 76ശതമാനത്തോളം പേർ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാഖ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലാണ്.
എന്നാൽ കഴിഞ്ഞ വർഷം 2014ൽ ഉണ്ടായതിനെക്കൾ 13 ശതമാനം ഭീകരാക്രമണം കുറവാണ്. മരണപ്പെടുന്നവരുടെ എണ്ണത്തിൽ 14 ശതമാനത്തോളം കുറവുണ്ട്. അമേരിക്കയുൾപ്പെടുന്ന നാറ്റോ സഖ്യങ്ങൾക്ക് ഭീകരാക്രമണങ്ങളിൽ നിന്നും കനത്ത തിരിച്ചടികൾ കഴിഞ്ഞ വർഷം നേരിടേണ്ടി വന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അനധികൃത കുടിയേറ്റം, നൂതന സാങ്കേതിക വിദ്യകൾ എന്നിവയിലുണ്ടായ മാറ്റങ്ങൾ ഭീകര സംഘടനകൾക്ക് കഴിഞ്ഞ വർഷം ഏറെ അനുകൂലമായിരുന്നു. ഈ സാഹചര്യത്തിൽ ഭീകരർക്ക് കൂടുതൽ അക്രമികളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ സാധിച്ചത് ആക്രമണങ്ങൾക്ക് ആക്കം കൂട്ടാൻ സഹായകമായെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ നാറ്റോ സേനയുടെ ചെറുത്ത് നിൽപ്പിൽ ഇറാഖിലെ 40 ശതമാനത്തോളം പ്രദേശം സ്വതന്ത്രമാക്കാൻ സാധിച്ചെന്നും റിപ്പോർട്ടിലുണ്ട്. മേരിലാൻഡ് സർവ്വകലാശാലയുടെ പഠനത്തെ ആസ്പദമാക്കിയാണ് അദ്ദേഹം റിപ്പോർട്ട് പുറത്ത് വിട്ടത്.
















