മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ പോലീസ് സൂപ്രണ്ടും പോലീസുകാരനുമടക്കം 21 പേർ കൊല്ലപ്പെട്ടു. മഥുരയിലെ ജവഹർ ബാഗിലാണ് വ്യാഴാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. സംഘർഷത്തിൽ നൂറിലധികം പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇനിയും മരണ സംഖ്യ ഉയരാനാണ് സാധ്യത. സംഘർഷത്തിൽ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ആസാദ് ഭാരത് വൈദിക് വൈചാരിക് ക്രാന്തി സത്യാഗ്രഹി അംഗങ്ങളെന്ന് സ്വയം വിശേഷിപ്പിക്കുന്ന 3000ത്തോളം വരുന്ന ആളുകൾ രണ്ട് വർഷത്തിലധികമായി ജവഹർ ബാഗിലെ കോടികൾ വിലമതിക്കുന്ന 260 ഏക്കർ ഭൂമി കയ്യടക്കിവെച്ചിരിക്കുകയാണ്. നേരത്തെ ഇവരെ ഒഴിപ്പിക്കാൻ പോലീസ് നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു.
ഇവരെ ഒഴിപ്പിക്കാൻ അടുത്തിടെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ചാണ് പോലീസ് വീണ്ടും ജവഹർ ബാഗിലെത്തിയത്. എന്നാൽ യാതൊരു പ്രകോപനവുമില്ലാതെ കയ്യേറ്റക്കാർ പോലീസിനു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഉത്തർപ്രദേശ് പോലീസ് പറയുന്നു. ഇതോടെ സമരക്കാരെ ഒഴിപ്പിക്കാൻ ടിയർ ഗ്യാസും ലാത്തിച്ചാർജും പോലീസ് പ്രയോഗിച്ചു. തുടർന്ന് സംഘർഷം കൂടുതൽ അക്രമാസക്തമായതോടെ പോലീസ് തിരിച്ചും വെടിവെയ്ക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ഉടൻ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉത്തരവിട്ടു. കൊല്ലപ്പെട്ട പോലീസുകാരുടെ കുടുംബത്തിന് സർക്കാർ 20 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
















