ന്യൂദല്‍ഹി: മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജയ്സിങ്ങിന്റെ എന്‍ജിഒയ്ക്ക് വിദേശഫണ്ട് കൈപ്പറ്റാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലക്ക്. ആറ് മാസത്തേക്കാണ് വിലക്ക്. അതിനകം ലോയേഴ്സ് കളക്ടീവ് എന്ന സംഘടന വിശദീകരണം നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ ഫണ്ടു സ്വീകരിയ്ക്കാനുള്ള ലൈസന്‍സ് ദുരുപയോഗം ചെയ്തതു സംബന്ധിച്ച് തക്ക മറുപടി നല്‍കിയില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും.
2010ലെ, വിദേശ പണം സ്വീകരിയ്ക്കല്‍ നിയന്ത്രണ നിയമം ലോയേഴ്സ് കളക്ടീവ് ലംഘിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഇന്ദിര ജയ്സിങ് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരിക്കെ സംഘടനയില്‍നിന്ന് വേതനമായി 96.60 ലക്ഷം രൂപ വാങ്ങി. ഇതടക്കം സംഘടനയുടെ ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ നടപടി പകവീട്ടലാണെന്ന് സംഘടന ആരോപിച്ചു. മുന്‍ ഗുജറാത്ത് കേഡര്‍ ഐപിഎസ് ഓഫീസര്‍ സജ്ജീവ് ഭട്ടിനെ പിരിച്ച് വിട്ടതും 1993 ലെ മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതി യാക്കൂബ് മേമനെതിരെയുളള കേസും ഗ്രീന്‍പീസ് പ്രവര്‍ത്തക പ്രിയ പിളളയ്ക്കെതിരെയുണ്ടായ നടപടികളെയും ചോദ്യം ചെയ്ത് സംഘടന നടത്തുന്ന കേസുകള്‍ ദുര്‍ബലപ്പെടുത്താനാണ് ഈ നടപടിയെന്നും അവര്‍ ആരോപിക്കുന്നു.
എന്നാല്‍, കേന്ദ്ര ആഭ്യന്തര വകുപ്പു കണ്ടെത്തിയ സംഘടനയുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ ഏറെയാണ്. ഇന്ദിരാ ജെയ്സിങ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരിക്കെ 96.60 ലക്ഷം രൂപ സംഘടന അവര്‍ക്ക് പ്രതിഫലമായി നല്കി. 2009 ജൂലൈ മുതല്‍ 2014 മെയ് വരെ ഇങ്ങനെ ശമ്പളം പറ്റുകയും സംഘടന കൊടുക്കുകയും ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ നിയമോദ്യോഗസ്ഥയായിരിക്കെ അവര്‍ ഒരു സ്വകാര്യ സംഘടനയുടെ പണം എന്തടിസ്ഥാനത്തില്‍ കൈപ്പറ്റിയെന്നതും അത് എന്തിനുപയോഗിച്ചുവെന്നതും ദുരൂഹതയുണ്ടാക്കുന്നുവെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. ചട്ടപ്രകാരം മുന്നറിയിപ്പോ അനുവാദമോ ഇല്ലാതെ അമേരിയ്ക്ക, നേപ്പാള്‍ തുടങ്ങിയ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനും ഇന്ദിരാ ജെയ്സിങ്ങിന് പ്രതിഫലം കൊടുത്തതായി ലോയേഴ്സ് കളക്ടീവിന്റെ രേഖ
















