സ്പില്‍വേ പാലത്തിലെ സുരക്ഷാ ജീവനക്കാരുടെ കെട്ടിടം
ഉപയോഗശൂന്യമായി കിടക്കുന്നു
തോട്ടപ്പള്ളി: ആത്മഹത്യാ മുനമ്പായി മാറുന്ന തോട്ടപ്പള്ളി സ്പില്‍വേ പാലത്തില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നേരത്തെ സുരക്ഷാജീവനക്കാര്‍ ഉണ്ടായിരുന്ന ഈ പാലത്തില്‍ ഇന്ന് അവശേഷിക്കുന്നത് ഇവര്‍ ജോലിചെയ്തിരുന്ന ഓഫീസ് കെട്ടിടം മാത്രമാണ്. നിരവധി ആത്മഹത്യകള്‍ തോടപ്പള്ളി പാലത്തില്‍ നടന്നിട്ടും സുരക്ഷാ ജീവനക്കാരെ നിയമിക്കാന്‍ പിഡബ്ല്യൂഡി വിഭാഗം തയ്യാറായില്ല. പാലത്തിലെ ഷട്ടര്‍ ഉയര്‍ത്താനും താഴ്‌ത്താനും പതിനഞ്ചുവര്‍ഷം മുമ്പുവരെ ജീവനക്കാര്‍ ഉണ്ടായിരുന്നു. ഇതിനായി ഇരുകരകളിലും ഓഫീസുകളും സ്ഥാപിച്ചിരുന്നു. അന്ന് അപകടങ്ങളും ആത്മഹത്യകളും നടന്നിട്ടുമില്ല. ഇവിടെ ആത്മഹത്യയ്‌ക്കു ശ്രമിച്ച പലരെയും നാട്ടുകാര്‍ രക്ഷിച്ചിട്ടുണ്ട്.
ഏതാനും വര്‍ഷംമുമ്പ് തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി പ്രട്രിക് ഗോമസ് പരീക്ഷയില്‍ തോറ്റതിന് ഇവിടെ വന്നാണ് ആത്മഹത്യ ചെയ്തത്. എറണാകുളം സ്വദേശിയായ ഐടി ജീവനക്കാരന്‍ മാനസിക സമ്മര്‍ദ്ദത്തെതുടര്‍ന്ന് വീട്ടിലേക്കു പോകുംവഴി ഇവിടെ കാര്‍ നിര്‍ത്തിയശേഷം ചാടിമരിച്ചു. പുന്നപ്ര സ്വദേശിയായ യുവാവ് കുട്ടിയെ കൊണ്ടുവന്ന് താഴേക്ക് എറിഞ്ഞു കൊന്നതും ഇവിടെത്തന്നെ. ഏറ്റവും ഒടുവിലായി നാട്ടുകാരിയായ യുവതി ഇവിടെ ചാടി മരിച്ചു.
ദേശീയപാതയിലെ ആത്മഹത്യാ മുനമ്പായി തോട്ടപ്പള്ളി സ്പില്‍വേ പാലം മാറിയതിനു കാരണം സുരക്ഷാ ജീവനക്കാരുടെ അഭാവമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഈ പാലത്തെ അവഗണിക്കുന്നതില്‍ നാട്ടുകാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. ദിനം പ്രതി പതിനായിരക്കണക്കിനു വാഹനങ്ങളാണ് ഈ പാലത്തിലൂടെ സഞ്ചരിക്കുന്നത്. അടിയന്തരമായി സുരക്ഷാജീവനക്കാരെ നിയമിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
തോട്ടപ്പള്ളിയില്‍ പൊഴിമുറിച്ചു തുടങ്ങി

തോട്ടപ്പള്ളിയില്‍ പൊഴിമുറിക്കല്‍ ആരംഭിച്ചപ്പോള്‍
തോട്ടപ്പള്ളി: തോട്ടപ്പള്ളിയില്‍ പൊഴി മുറിച്ചു തുടങ്ങി. കാലവര്‍ഷം ശക്തമായതോടെ കിഴക്കുനിന്നും എത്തുന്ന വെള്ളംവരവ് ആരംഭിക്കാറായതോടെയാണ് പൊഴിമുറിക്കല്‍ ജോലികള്‍ ആരംഭിക്കുന്നത്. ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് ജെസിബികള്‍ ഉപയോഗിച്ച് സ്പില്‍വേയ്‌ക്ക് പടിഞ്ഞാറാണ് ഇന്നലെ രാവിലെ മണല്‍ മാറ്റാന്‍ തുടങ്ങിയത്. 16.75 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. 150 മീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലുമാണ് പൊഴി മുറിക്കുന്നത്. മൂന്നാഴ്ച കൊണ്ട് പൊഴിമുറിക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആകെയുള്ള 40 ഷട്ടറുകള്‍ പൊഴിമുറിക്കുന്നതനുസരിച്ച് ഉയര്‍ത്തും. അസി. എക്‌സി. എഞ്ചിനീയര്‍ ശങ്കരപിള്ള അസി. എഞ്ചിനായ് അജിത് എന്നിവര്‍ മേല്‍നോട്ടം വഹിക്കും.
















