മൊഗാഡിഷു: സൊമാലിയയിൽ ഭീകര സംഘടന അൽഷബാബ് നടത്തിയ കാർ ബോംബാക്രമണത്തിൽ രണ്ട് എംഎൽഎമാരടക്കം 15 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ മൊഗാഡിഷുവിലെ പ്രശസ്തമായ ഹോട്ടലിന്റെ കവാടത്തിനു അകത്താണ് സ്ഫോടനം നടന്നത്.
എംഎൽഎമാർ ഉൾപ്പെടെ വിവിധ ഉദ്യോഗസ്ഥർ താമസിച്ചിരുന്ന ഹോട്ടൽ അൽഷബാബ് ഭീകരർ വളയുകയായിരുന്നു. തുടർന്നാണ് ചാവേർ കാറോടിച്ച് ഗേറ്റിനുള്ളിൽ കയറി പൊട്ടിത്തെറിച്ചത്. സ്ഫോടന സമയം പുറത്ത് ഉണ്ടായിരുന്ന 15 പേരും തത്‌സമയം കൊല്ലപ്പെട്ടു. ബാക്കിയുള്ളവരെ സുരക്ഷാ സേന ഹോട്ടലിനുള്ളിൽ പ്രവേശിപ്പിക്കുകയാണുണ്ടായത്.
“തങ്ങൾ സർക്കാരിന്റെ പ്രതിനിധികളെ ഉദ്ദേശിച്ചാണ് ആക്രമണം നടത്തിയത്. നിരവധി പേരെ കൊലപ്പെടുത്തുവാൻ സാധിച്ചു. തങ്ങളുടെ മുജാഹിദ്ദീനുകൾ സർക്കാർ പ്രതിനിധികളെ വേട്ടയാടുന്നതെന്ന് തുടരും” അൽഷബാബിന്റെ സൈനിക മേധാവി അബു മുസബ് ആക്രമണത്തിന് ശേഷം പറഞ്ഞു.
ഇപ്പോഴും പ്രദേശത്ത് ഭീകരർ നിലയുറപ്പിച്ചിരിക്കുന്നതിനാൽ സുരക്ഷാ സേന ഹോട്ടലിൽ തങ്ങിയിരിക്കുന്നവരെ രക്ഷപ്പെടുത്തി സുരക്ഷ കേന്ദ്രങ്ങളിൽ എത്തിക്കുകയാണ്. 2011ൽ ആഫ്രിക്കൻ സമാധാന സേന മൊഗാഡിഷുവിൽ നിന്നും അൽഷബാബിനെ പുറത്താക്കിയിരുന്നു. എന്നാൽ അടുത്തിടെ മൊഗാഡിഷുവിൽ അൽഷബാബ് ശക്തിയാർജ്ജിക്കുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ബീച്ച് ഹോട്ടലിൽ ഭീകരർ നടത്തിയ കാർ ബോംബാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. കെനിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ ആഫ്രിക്കൻ സമാധാന സേനയ്‌ക്ക് വൻ ഭീഷണിയാണ് അൽഷബാബ്
















