ഭവ്യയും ഭാഗ്യയുടെ ഭദ്രയുടെ കയ്യുംപിടിച്ച് സ്‌കൂളിലേക്ക്
വെഞ്ഞാറമൂട്: ഒറ്റപ്രസവത്തില്‍ ജനിച്ച ഭദ്രയും ഭാഗ്യയും ഭവ്യയും തമ്മില്‍ ഒരു മണിക്കൂറിന്റെ വ്യത്യാസമേ ഉള്ളൂവെങ്കിലും ഭദ്ര ഇരുവര്‍ക്കും ചേച്ചി തന്നെയാണ്. ഭദ്രചേച്ചിയുടെ കയ്യുംപിടിച്ചാണ് ഭാഗ്യയും ഭവ്യയും ആദ്യമായി കൊഞ്ചിറ യുപി സ്‌കൂളിന്റെ പടികടന്നെത്തിയത്.
തേക്കട വാറുവിളാകത്ത് വീട്ടില്‍ ഉമേഷിന്റെയും ഷീബയുടെയും മക്കളാണ് മൂവരും. ഒരുമിച്ചാണ് ജനനമെങ്കിലും മൂവരും തമ്മില്‍ രൂപസാദൃശ്യം കുറവെന്നുതന്നെ പറയാം.
പക്ഷേ സ്വഭാവത്തിലും പെരുമാറ്റത്തിലും ശീലങ്ങളിലും മൂവരും ഒന്നാണ്. ഒരു സാധനം വാങ്ങിയാല്‍ നിറം വ്യത്യാസം വന്നാലും കുഴപ്പമില്ല പക്ഷേ മൂവര്‍ക്കും വാങ്ങണം. ഇല്ലെങ്കില്‍ മൂവരും എടുക്കില്ല. ബാഗും നോട്ടബുക്കും കുടയും ഡ്രസ്സും എല്ലാം അങ്ങനെതന്നെ. നിറവ്യത്യാസം മാത്രമേ ഉള്ളൂ. അഭിരുചിയുടെ കാര്യത്തില്‍ മൂവരും തമ്മില്‍ അത്ര രസത്തിലല്ല. ഭദ്രയ്‌ക്ക് നൃത്തത്തോടാണ് കമ്പം. ഭവ്യയ്‌ക്ക് പാട്ടുപാടാനാണ് ഏറെ ഇഷ്ടം. എന്നാല്‍ ഭാഗ്യയ്‌ക്ക് ഇഷ്ടം പടം വരയ്‌ക്കുവാനാണ്. മൂവര്‍ക്കും ഒരേ ക്ലാസ്സിലാണ് പ്രവേശനം നല്‍കിയിരിക്കുന്നത്. ഏതായലും മൂവരും കൊഞ്ചിറ യുപിസ്‌കൂളിലെ താരങ്ങളായിരിക്കുകയാണ്.
















