ആലപ്പുഴ: ജീര്‍ണാവസ്ഥയില്‍ ചോര്‍ന്നൊലിക്കുന്ന ടാര്‍പ്പോളിന്‍ കൊണ്ട് കെട്ടിമറച്ച കുടിലില്‍ രോഗാവസ്ഥയില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ദമ്പതികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ എപിഎല്‍ കാര്‍ഡ് അടിയന്തിരമായി ബിപിഎല്‍ ആക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു.
മാവേലിക്കര കുന്നം കൃഷ്ണഭവനില്‍ ഭവാനി ബാലകൃഷ്ണന്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ ജില്ലാ കളക്ടര്‍ക്ക് അടിയന്തിര നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കാര്‍ഡ് ബിപിഎല്‍ ആക്കിയ ശേഷം ജില്ലാകളക്ടറും താലൂക്ക് സപ്ലൈ ഓഫീസറും ജൂലൈ 4ന് രാവിലെ 11ന് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസില്‍ നടക്കുന്ന സിറ്റിങില്‍ നടപടി റിപ്പോര്‍ട്ട് ഹാജരാക്കണം.
സുമനസുകള്‍ നല്‍കുന്ന ഭക്ഷണം കഴിച്ചാണ് രോഗാവസ്ഥയില്‍ എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത ദമ്പതികള്‍ കഴിയുന്നത്. പക്ഷേ നാട്ടുകാരുടെ പരിശ്രമഫലമായി ലഭിച്ച റേഷന്‍കാര്‍ഡ് എപിഎല്‍ ആയി. മാവേലിക്കര താലൂക്ക് സപ്ലൈ ഓഫീസര്‍ നേരിട്ട് സ്ഥലം പരിശോധിച്ച് ബിപിഎല്‍ കാര്‍ഡിന് അര്‍ഹതയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് എപിഎല്‍ കാര്‍ഡ് അനുവദിച്ചത്. താല്‍ക്കാലിക കാര്‍ഡ് ആയതിനാല്‍ ചികിത്സാ സഹായവും ലഭിക്കുന്നില്ല.
















