31 വര്‍ഷവും നാലു മാസവും നീണ്ട മികവുറ്റ സര്‍വീസ്…
തൊടുപുഴ: എഴുപത്തിമൂന്നിലധികം ഗുഡ് സര്‍വീസ് എന്‍ട്രികള്‍, 24 ക്യാഷ് അവാര്‍ഡുകള്‍, സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പോലീസുകാരനുളള മെഡല്‍ തുടങ്ങി നിരവധി അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയ ഫൈസല്‍ പി ഖാദര്‍ എന്ന നിയമപാലകന്‍ ഇന്ന് ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങുന്നു. നിലവില്‍ തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂം എസ്‌ഐയാണ് ഉടുമ്പന്നൂര്‍ സ്വദേശിയായ ഫൈസല്‍ പി ഖാദര്‍. 31 വര്‍ഷവും നാലു മാസവും നീണ്ട സര്‍വീസിനാണ് പര്യവസാനമാകുന്നത്. ലോക പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ രണ്ട് തവണ പ്രതിനിധികരിച്ചു. കല്‍ക്കട്ടയില്‍ നടന്ന മത്സരത്തില്‍ ഒരു തവണ രണ്ടാം സ്ഥാനവും ഇതിന്റെ അടുത്ത വര്‍ഷം മുന്നാം സ്ഥാനവും ലഭിച്ചു. 1985ല്‍ എറണാകുളത്തു നിന്നും ആരംഭിച്ചതാണ് പോലീസ് ജിവിതം. ആംഡ് പോലീസിലാണ് സര്‍വീസ് തുടങ്ങിയത്. മൂവാറ്റുപുഴ, കരിമണ്ണുര്‍, തൊടുപുഴ എന്നീ സ്റ്റേഷനുകളില്‍ സേവനമനുഷ്ഠിച്ചു. 25 വര്‍ഷം ഡിവൈഎസ്പിയുടെ പ്രത്യേക സ്‌ക്വാഡില്‍ ഉണ്ടായിരുന്നു. 1992ല്‍ നെയ്യാശേരിക്കു സമീപം നടന്ന ആനിക്കുഴ കൂട്ടക്കൊലക്കേസ് കണ്ടെത്തിയത് ഔദ്യോഗിക ജീവിതത്തില്‍ വഴിതിരിവായി. ഇതിനു ശേഷം നൂറ് കണക്കിനു കേസുകളും തെളിയിക്കാനായി. ഉന്നത ഉദ്യോഗസ്ഥരുടെ വിശ്വസ്ഥനായിരുന്നു ഈ പോലീസ് ഓഫിസര്‍. ചങ്ങനാശേരിയില്‍ നടന്ന പ്രമാദമായ ടാക്‌സി ഡ്രൈവര്‍ കൊലക്കേസില്‍ മഹാരാഷ്‌ട്ര സ്വദേശികളെ പിടികൂടിയതും ഇദ്ദേഹമാണ്. ടാറ്റാ സുമോ ഓട്ടം വിളിച്ചുകൊണ്ടുപോയി ഡ്രൈവറെ പുറകില്‍ നിന്നും ചങ്ങലയിട്ടു മുറുക്കിയാണ് കൊന്നത്. അവസാനമായി 73മത്തെ ഗുഡ് സര്‍വീസ് എന്‍ട്രി ലഭിച്ചത് തൊടുപുഴയില്‍ കഴിഞ്ഞ വര്‍ഷം നടന്ന കറുത്തമുത്ത് എന്നായാളുടെ കൊലപാതകം 12 മണിക്കുര്‍ കൊണ്ട് തെളിയിച്ചതിനായിരുന്നു. അന്വേഷണ സംഘത്തെ നയിച്ചത് ഫൈസല്‍ പി ഖാദറായിരുന്നു. രണ്ട് തവണ രാഷ്‌ട്രപതിയുടെ അവാര്‍ഡിനായി പരിഗണിച്ചു. സഹോദരങ്ങള്‍ രണ്ട് പേരും പഞ്ചഗുസ്തി ചാംപ്യന്‍മാരാണ്. ഷൈലയാണ് ഭാര്യ. മക്കള്‍ :വസിം കോതമംഗലം ഐഎംഎ കോളജില്‍ എംടെക് വിദ്യാര്‍ത്ഥി. ഇന്‍സാം എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്. വിരമിക്കുന്നതിനോടനുബന്ധിച്ച് ഗംഭീരമായ യാത്രയയപ്പാണ് സഹപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.
















