ന്യൂദല്‍ഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം ഭാരതത്തിന്റെ യശസ്സ് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഉയര്‍ന്നതായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്ത്തിയാക്കിയവേളയില് സീ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് രാജ്നാഥ് സിങ് ഇക്കാര്യം പറഞ്ഞത്.
കേന്ദ്രസര്‍ക്കാരിന്റെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 2019 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും രാജ്നാഥ് പറഞ്ഞു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 2014നേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന് ചിലസര്വ്വേകള് ചൂണ്ടിക്കാട്ടിയിരുന്നു.
വരാന്‍പോകുന്ന ഉത്തര്‍ പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ആഭ്യന്തരമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സമാജ്വാദി പാര്‍ട്ടിയുടെ ഭരണം ജനങ്ങള്‍ മടുത്തു. അവര്‍ ഒരു മാറ്റമാണ് ആഗ്രഹിക്കുന്നത്. പരിചിതമുഖം തന്നെയായിരിക്കും ബിജെപി രംഗത്തിറക്കുകയെന്നും രാജ്നാഥ് പറഞ്ഞു.
പാക്കിസ്ഥാനുമായി ഭാരതം സൗഹൃദമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ പാക്കിസ്ഥാന് നിലപാട് ഇതിനു വിരുദ്ധമാണ്. പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ശേഷം ജെഐടി ഭാരതത്തില്‍ എത്തി. അതുപോലെ എന്‍ഐഎ പാക്കിസ്ഥാനിലെത്തി തെളിവെടുക്കുവാനും തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ പാക്കിസ്ഥാന് ആ കരാര്‍ ലംഘിച്ചു.
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ജവഹര്‍ ലാല്‍ നെഹ്രു സര്‍വകലാശാലയിലെ വിവാദങ്ങളെക്കുറിച്ച് രാജ്നാഥ് പറഞ്ഞു. ദല്‍ഹി പോലീസ് ഉചിതമായ നടപടികളാണ് എടുത്തത്. മുഴുവന്‍ ലോകവും ഇക്കാര്യത്തില്‍ ഭാരതത്തെ പിന്തുണക്കുകയായിരുന്നു. രാജ്യവിരുദ്ധപ്രവര്ത്തനങ്ങളോട് ഒരിക്കലും ബിജെപി സന്ധി ചെയ്യില്ലായെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡ് പ്രതിസന്ധി കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്നമാണെന്നായിരുന്നു ഇതുസംബന്ധിച്ച് രാജ്നാഥിന്റെ വിശദീകരണം. ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
ജമ്മു കശ്മീരിലെ ബിജെപി-പിഡിപി സഖ്യസര്‍ക്കാര്‍ സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കുമെന്നും രാജ്നാഥ് വ്യക്തമാക്കി.
















